എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായിരുന്ന ഒരാളുടെ കുട്ടിക്കാലചിത്രമാണ് ഇത്. ബാലതാരമായി സിനിമയിലെത്തിയ ഈ നടി പിന്നീട് 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. നടി അംബികയുടെ കുട്ടിക്കാലചിത്രമാണ് ഇത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അംബിക അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായിരുന്നു ഒരുകാലത്ത് അംബിക.
‘സീത’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അംബികയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അംബിക ശ്രദ്ധ നേടി തുടങ്ങി.
മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ‘രാജാവിന്റെ മകൻ’ അംബികയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷമാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ അംബികയുടെ അഡ്വക്കേറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധേയമായി.
‘രാജാവിന്റെ മകന്’ എന്ന ചിത്രത്തിൽ ലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയത് അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയാണ് അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടി.
കരുത്തയായ നായികയെയാണ് ‘രാജാവിന്റെ മകനി’ൽ മലയാളി കണ്ടത്. നായകന് പ്രണയിക്കാന്‍ മാത്രമുള്ള ഒരു ഡമ്മി നായിക അല്ലായിരുന്നു രാജാവിന്റെ മകനിലെ നാൻസി. ഒരവസരത്തില്‍ വിന്‍സെന്റ് ഗോമസ് തന്നോട് പ്രണയം തുറന്നുപറയുമ്പോൾ അത് നിരസിക്കുന്നു പോലുമുണ്ട് നാൻസി.
‘രാജാവിന്റെ മകന്’ ഇറങ്ങിയ ആ വർഷം തന്നെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായും അംബിക അഭിനയിച്ചു. മലയാളത്തിലും തമിഴിലുമൊക്കെ ബോൾഡ് ആയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന അതേസമയംതന്നെ കന്നടയിൽ ഗ്ലാമറസ് റോളുകളിലും അംബിക പ്രത്യക്ഷപ്പെട്ടു.
അംബികയുടെ ഇളയ സഹോദരി രാധയും പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് ‘എ ആർ എസ് സ്റ്റുഡിയോസ്’ എന്ന പേരിൽ ഇരുവരും ചേർന്ന് ഒരു മൂവി സ്റ്റുഡിയോയും നടത്തിയിരുന്നു, 2013ൽ ‘എ ആർ എസ് സ്റ്റുഡിയോ’ അവർ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.
അഭിനയത്തിനു പുറമെ നിർമ്മാണത്തിലും പാട്ടെഴുത്തിലും കൂടി അംബിക കൈവച്ചിട്ടുണ്ട്. ‘അയിത്തം’ എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് അംബിക. 2014 ൽ ഒരു മലയാള ചലച്ചിത്രത്തിനു പാട്ടെഴുതുകയും ചെയ്തു. ടെലിവിഷൻ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്.