തെന്നിന്ത്യൻ നടി നമിത വിവാഹിതയാകുന്നു. വീർ (വീരേന്ദ്ര ചൗദരി) എന്നാണ് വരന്റെ പേര്. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കും. ബിഗ്ബോസ് താരം റൈസയാണ് നമിതയുടെ വിവാഹം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

2005 മുതൽ 2013 വരെ തമിഴിൽ നമിതയുടെ സുവർണ കാലമായിരുന്നു. മസാലപടങ്ങളുടെ ഭാഗമായി സിനിമയിൽ അരങ്ങേറിയ നമിത പിന്നീട് മുഖ്യധാരസിനിമയിലും സജീവമായി. ശരീരത്തിന് അമിതവണ്ണംവച്ചതോടെ അവസരങ്ങൾ കുറഞ്ഞതാരം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. പുലിമുരുകനിലൂടെ വീണ്ടും മൂന്നുവർഷങ്ങൾക്ക് ശേഷം രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്.

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള നമിതയെ കുറിച്ച് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. നടന്‍ ശരത് ബാബുവുമായി നമിത പ്രണയത്തിലാണെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് താരം തന്നെ നിഷേധിച്ചിരുന്നു. ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു നമിതയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ