പഴകുംതോറും വീര്യമേറുന്ന ചില വീഞ്ഞുപോലെയാണ് ചില ഫോട്ടോഗ്രാഫുകൾ. പോയ കാലത്തിന്റെ ഓർമകളെ അതൊരൊറ്റ ഫ്രെയിം കൊണ്ട് നമ്മളെ ഓർമ്മിപ്പിക്കും. മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭനയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.