കന്നഡ, തെലുങ്ക് ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. കിരിക് പാർട്ടി, യജമാന, ഗീത ഗോവിന്ദം, ഡിയർ കോംറേഡ്, സരിലേരു നീകേവരു തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായിക രശ്മികയായിരുന്നു. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ട് സിനിമ ആരാധകർക്കും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, ഡിസംബർ 17ന് പ്രദർശനത്തിനെത്തിയ ‘പുഷ്പ’ എന്ന ചിത്രത്തിൽ അല്ലുവിന്റെ നായികയായി എത്തിയതും രശ്മികയാണ്.
രശ്മികയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1996 ഏപ്രിൽ 5 ന് കർണാടകയിലെ കുടക് ജില്ലയിലെ വിരാജ്‌പേട്ടിലാണ് രശ്മികയുടെ ജനനം. മോഡലിംഗിലൂടെ സിനിമയിലെത്തിയ രശ്മികയുടെ അരങ്ങേറ്റം 2016 ൽ കന്നഡ ചിത്രം ‘കിരിക് പാർട്ടി’യിലൂടെയായിരുന്നു. എന്നാൽ, ഗീത ഗോവിന്ദം എന്ന ചിത്രമാണ് രശ്മികയെ തെന്നിന്ത്യയുടനീളം പ്രശസ്തയാക്കിയത്.
കന്നഡ, തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന. 2017 ൽ നടൻ രക്ഷിത് ഷെട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2018 ൽ ഇരുവരും വേർപിരിഞ്ഞു.
പുഷ്പയിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് അല്ലു അർജുന്റെ നായികയായി രശ്മിക എത്തുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് പുഷ്പയിലെ വേഷത്തെ കുറിച്ച് രശ്മിക പറയുന്നത്.
“എന്റെയും അല്ലുവിന്റെയും കെമിസ്ട്രി സ്‌ക്രീനിൽ നന്നായി വർക്ക് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അല്ലുവിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. സഹനടനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനരീതി മികച്ചതാണ്. അദ്ദേഹത്തോടൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്,” പുഞ്ചിരിയോടെ രശ്മിക പറഞ്ഞു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു രശ്മിക.
“കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ടൊരു വ്യക്തിയുമായി മാറിയതിൽ ഞാൻ അഭിമാനിക്കുന്നു. ഗീതാഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. അന്ന്, എന്നെങ്കിലും എനിക്ക് അല്ലു അർജുനൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതിയിരുന്നോ! എന്നാൽ, ഇപ്പോൾ ഞാനദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാണ്, അതിന്റെ പ്രചരണത്തിലാണ്. അതിനാൽ തന്നെ ഇതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്. ഞാൻ ഇതുവരെ പ്രവർത്തിച്ചവരുടെയും പ്രേക്ഷകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.”
“പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ ഞാൻ പരിഭ്രാന്തയായിരുന്നു, അപ്പോൾ അല്ലു എന്നോട് പറഞ്ഞത്, “നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത്. കാരണം നിങ്ങൾക്ക് കഴിവില്ലായിരുന്നുവെങ്കിൽ, നിങ്ങൾ കഠിനാധ്വാനി അല്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇന്ന് ഇവിടെ, ഞങ്ങളുടെ സിനിമയുടെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല,” എന്നാണ്. അതെന്റെ കാഴ്ചപ്പാടിനെ ഒന്നാകെ മാറ്റിമറിക്കുകയും സിനിമയ്‌ക്കായി എന്റെ ഏറ്റവും മികച്ചത് നൽകാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു,” രശ്മിക കൂട്ടിച്ചേർത്തു.
“ആദ്യമായാണ് ഞാനൊരു പരുക്കൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയിൽ പുഷ്പ വളരെ പച്ചയായ ചിത്രമാണ്. സംവിധായകൻ സുകുമാർ സിനിമയ്‌ക്കായി ഒരു പ്രത്യേക ലോകം സൃഷ്ടിച്ചു. ഇത് മുൻപു വന്നതുപോലൊരു ചിത്രമല്ല. ഞാൻ പ്രീ-റിലീസ് ഇവന്റിൽ പറഞ്ഞത് പോലെ, ‘പുഷ്പ എന്റെ ശ്രീവല്ലിക്കുള്ളതാണ്’. വളരെ കൗശലക്കാരിയായ കഥാപാത്രമാണ് ശ്രീവല്ലി,” തന്റെ കഥാപാത്രത്തെ കുറിച്ച് രശ്മിക പറയുന്നതിങ്ങനെ.