താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എപ്പോഴും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായ കീർത്തി സുരേഷിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചേച്ചി രേവതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കീർത്തി ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എന്റെ ഗ്യാലറിയിൽ നിന്നുള്ള ഈ മനോഹരമായ ഓർമ്മകളിലൂടെ നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾക്ക് ഒരുപാട് സ്നേഹവും ആലിംഗനങ്ങളും ഊഷ്മളമായ ആശംസകളും അയയ്ക്കുന്നു, അക്കാ! നിങ്ങളുടെ വർഷം മുമ്പെങ്ങുമില്ലാത്തവിധം സവിശേഷമായിരിക്കട്ടെ!” എന്നാണ് കുട്ടിക്കാലചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് കീർത്തി കുറിച്ചത്.
ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക സുരേഷ്. അമ്മയുടെ വഴിയെ കീർത്തിയും അഭിനയരംഗത്ത് എത്തി. തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് മേനക സുരേഷിന്റേത്. മേനകയുടെ ഭർത്താവും നിർമാതാവുമായ സുരേഷ് കുമാറും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. മേനകയുടെ അമ്മ സരോജയും ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. പേരക്കുട്ടി കീർത്തിയ്ക്ക് ഒപ്പം റെമോ എന്ന ചിത്രത്തിലായിരുന്നു സരോജയുടെ അരങ്ങേറ്റം. അമ്മയും അച്ഛനും സഹോദരിയും അമ്മൂമ്മയുമെല്ലാം അഭിനയത്തിൽ പഴറ്റുമ്പോൾ മേനക- സുരേഷ് കുമാർ ദമ്പതികളുടെ മൂത്തമകൾ രേവതിയുടെ ആഗ്രഹം സിനിമാസംവിധാനമാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് രേവതി.
“രേവതിയെ ഒരു സംവിധായികയായി കാണണം. സംവിധാനം രേവതി സുരേഷ് കുമാർ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണം. അതു കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കും,” എന്നാണ് മകളെ കുറിച്ച് മേനക പറയുന്നത്.
വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുന്ന മേനക അടുത്തിടെ ‘ഭ്രമം’ എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു.