മലയാളത്തിനപ്പുറത്തേക്ക് വളർന്ന് ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്. അമ്മ മേനകയുടെ വഴിയെ അഭിനയത്തിൽ സജീവമായ കീർത്തി ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണിയാണ്.
കീർത്തി സുരേഷിന്റെ ഏതാനും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ആരാധകരിൽ കൗതുകമുണർത്തുന്നത്, ചേച്ചി രേവതിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ കീർത്തി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് കീർത്തി. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്.
പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി കൊണ്ടാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
റിങ്ങ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായും കീർത്തി അഭിനയിച്ചു. തമിഴിലും തെലുങ്കിലും സജീവമാകുന്ന കീർത്തിയെയാണ് പ്രേക്ഷകർ പിന്നെ കണ്ടത്. മഹാനദി എന്ന തെലുങ്ക് ചിത്രത്തിലൂടെ കീർത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ആകമാനം ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടിയെത്തി. മലയാളത്തിൽ മരക്കാർ, തമിഴിൽ അണ്ണാതെ എന്നീ ചിത്രങ്ങളാണ് അടുത്തിടെ റിലീസിനെത്തിയ കീർത്തിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
ടൊവിനോ നായകനാവുന്ന വാശി എന്ന ചിത്രമാണ് കീർത്തിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്.