തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ താരം. അടുത്തിടെ സുഹൃത്തിനൊപ്പം നടത്തിയ ഹിമാലയൻ യാത്രാവിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചന വാർത്ത പുറത്തുവന്നതു മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ താരം.
ഇപ്പോഴിതാ, സാമന്തയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്. കരാട്ടെ പരിശീലനത്തിനിടയിൽ പകർത്തിയ ചിത്രമാണിത്/

ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ ‘യെ മായ ചെസേവ് ‘ ആയിരുന്നു സാമന്തയുടെ അരങ്ങേറ്റ ചിത്രം. ‘വിണ്ണൈതാണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നന്ദി അവാർഡും ഈ ചിത്രത്തിലൂടെ സാമന്ത നേടി. ‘വിണ്ണൈതാണ്ടി വരുവായ’യിൽ ഒരു ചെറിയ റോളിലും സാമന്ത അഭിനയിച്ചിരുന്നു.





നാൻ ഈ, ഈഗ (ഈച്ച), ജനത ഗാരേജ്, തെരി, മഹാനടി, ഇരുമ്പുതുറൈ, സൂപ്പർ ഡീലക്സ്, ജാനു, മജിലി, തുടങ്ങി തമിഴിലും തെലുങ്കിലുമായി 45ൽ ഏറെ ചിത്രങ്ങളിൽ സാമന്ത ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
Read more: ഹിമാലയൻ യാത്രാവിശേഷങ്ങളുമായി സാമന്ത
സംവിധായകരായ രാജിന്റെയും ഡികെയുടെയും ‘ദ ഫാമിലി മാൻ 2’ എന്ന വെബ് സീരീസിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഫാമിലി മാനിലെ രാജി എന്ന കഥാപാത്രം സാമന്തയ്ക്ക് ഏറെ നിരൂപകപ്രശംസ നേടി കൊടുത്തിരുന്നു.
ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. സംവിധായകൻ വിഘ്നേഷ് ശിവന്റെ ‘കാതുവാകുല രണ്ട് കാതൽ’ എന്ന ചിത്രത്തിലും സാമന്തയുണ്ട്.
അടുത്തിടെ, സാമന്ത -നാഗചൈതന്യ വിവാഹ മോചന വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തനിക്കെതിരെ കുപ്രചരണം നടത്തുകയും വ്യക്തിപരമായി അധിക്ഷേപം നടത്തുകയും ചെയ്ത ചില യൂട്യൂബ് ചാനലുകൾക്ക് എതിരെ സാമന്ത കഴിഞ്ഞദിവസം മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.