തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയങ്കരിയും സൂപ്പർസ്റ്റാർ പദവിയുമുള്ള നായികയുമാണ് അനുഷ്ക ഷെട്ടി. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവസേനയായി അനുഷ്ക മാറി. മദേഴ്സ് ഡേയിൽ അനുഷ്ക പങ്കുവച്ച കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുഞ്ഞ് അനുഷ്കയെ ആണ് ചിത്രത്തിൽ കാണാനാവുക. “അമ്മയുടെ സ്നേഹത്തിലും വലുതായി മറ്റൊന്നും ഈ ലോകത്ത് ഇല്ല,” എന്നാണ് അനുഷ്ക കുറിക്കുന്നത്.
സ്വീറ്റി ഷെട്ടി എന്ന അനുഷ്ക 2005 ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുങ്കുചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ ഇറങ്ങിയ ‘അരുന്ധതി’യിലെ ഇരട്ട കഥാപാത്രങ്ങളാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായ കഥാപാത്രങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ആ കഥാപാത്രങ്ങൾ നിരവധി പുരസ്കാരങ്ങൾക്കും അനുഷ്കയെ അർഹയാക്കി.
തമിഴിലും തെലുങ്കിലുമായി അമ്പതിലേറെ ചിത്രങ്ങളിൽ അനുഷ്ക ഇതിനകം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. ബില്ല, വേട്ടൈക്കാരൻ, സിങ്കം, വേദം, ദൈവ തിരുമകൾ, രുദ്രമാദേവി, സൈ രാ നരസിംഹ റെഡ്ഡി തുടങ്ങി നിരവധിയേറെ ശ്രദ്ധേയ ചിത്രങ്ങളിൽ മികച്ച അഭിനയമാണ് അനുഷ്ക കാഴ്ച വച്ചത്. അക്കൂട്ടത്തിൽ ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’യാണ് അനുഷ്കയുടെ കരിയറിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്. ‘ബാഹുബലി’യോടെ പ്രഭാസുമായി പ്രണയത്തിലാണെന്ന രീതിയിൽ ഗോസിപ്പ് കോളങ്ങളിലും അനുഷ്ക ഇടം പിടിച്ചു. പ്രഭാസും അനുഷ്കയും ഈ വാർത്തകൾ പല തവണ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇരുവരെയും ജീവിതത്തിൽ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന വലിയൊരു ആരാധകക്കൂട്ടം തന്നെ ഇവർക്കുണ്ട്. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളാണ് അനുഷ്ക.
Read more: അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷെ… പ്രഭാസിന് അനുഷ്കയെ കുറിച്ചൊരു പരാതിയുണ്ട്