മുതിർന്ന അഭിനേത്രിയായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നു രാവിലെ 12 മണിയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം, ഇന്ന് വൈകിട്ട് 3 മണിയ്ക്ക് ചൈന്നൈ ബസന്ത് നഗറിൽ.

കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റുമായിരുന്നു. ആകാശവാണിയിൽ നിന്നുമാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അനന്തഭദ്രം എന്ന ചിത്രത്തില്‍ നിന്നുള്ള രംഗം

പിന്നീട് ‘ഈ പുഴയും കടന്ന്’, ‘തൂവൽക്കൊട്ടാരം’, ‘ഉദ്യാനപാലകൻ’, ‘പിറവി’, ‘വാസ്തുഹാര’, ‘നാലുകെട്ട്’, ‘കളിയൂഞ്ഞാൽ’, ‘വിസ്മയം’, ‘പട്ടാഭിഷേകം’, ‘പൊന്തൻമാട’, ‘സാഗരം സാക്ഷി’, ‘വിഷ്ണു’, ‘അനന്തഭദ്രം’, ‘വിസ്മയത്തുമ്പത്ത്’, ‘മല്ലുസിംഗ്’, സന്തോഷ് ശിവന്റെ ‘ബിഫോർ ദ റെയിൻസ്’, കന്നട ചിത്രം ‘സംസ്കാര’, മണിരത്നം ചിത്രം ‘കന്നത്തിൽ മുത്തമിട്ടാൽ’എന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബിഫോര്‍ ദ റെയിന്‍സ് എന്ന ഹിന്ദി ചിത്രത്തില്‍ ലക്ഷ്മി കൃഷ്ണമൂര്‍ത്തി

മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇരുപതോളം ചിത്രങ്ങളിലും അത്ര തന്നെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായും മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ അഭിനേത്രിയായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ