സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് സ്റ്റാര്‍ അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന ചിത്രം 2.0 നാളെ തിയേറ്ററുകളില്‍ എത്താനിരിക്കെ ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ പുകഴ്ത്തി അക്ഷയ് കുമാര്‍. ബോളിവുഡിൽ ഉളളതിനെക്കാൾ കൃത്യനിഷ്ഠയും പ്രൊഫഷണലുമാണ് ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെന്ന് അദ്ദേഹം പറഞ്ഞു. ശങ്കര്‍ ചിത്രത്തില്‍ ഡോ.റിച്ചാര്‍ഡ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്.

‘സാങ്കേതികപരമായി നമ്മളേക്കാള്‍ ഏറെ മുന്നിലാണ് ദക്ഷിണേന്ത്യ. 7.30നാണ് ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞതെങ്കില്‍ കൃത്യസമയത്ത് തന്നെ തുടങ്ങിയിരിക്കും. ഇവിടെ 7.30 എന്ന് പറഞ്ഞാല്‍ 9.30നായിരിക്കും വരിക. അവരുടെ സൂപ്പര്‍സ്റ്റാറുകള്‍ കൃത്യസമയത്ത് സെറ്റിലെത്തും,’ അക്ഷയ് പറഞ്ഞു.

നവാഗതര്‍ ബോളിവുഡില്‍ വരുന്നതിന് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരുപാട് പഠിക്കാനാവും. പുതുതായി വരുന്ന ഒരു നടന്‍ കുറഞ്ഞത് 5 സിനിമയെങ്കിലും അവിടെ ചെയ്ത് മാത്രമേ ബോളിവുഡിലേക്ക് വരാവൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഒരുപാട് പഠിക്കാനാവും. പ്രതിധിനം 30-40ഓളം ഷോട്ടുകള്‍ അവര്‍ എടുക്കുന്നുണ്ട്. നമ്മള്‍ ഇവിടെ 12-13 ഷോട്ടുകള്‍ മാത്രമാണ് എടുക്കുന്നത്. അതേസമയം ആരേയും ബുദ്ധിമുട്ടിക്കുന്നില്ല. മറ്റുളളവരുടെ സമയം അവര്‍ മാനിക്കുന്നുണ്ട്,’ അക്ഷയ് പറഞ്ഞു.

രജനീകാന്തിനേയും അക്ഷയ് വാനോളം പുകഴ്ത്തി. ‘ഞങ്ങള്‍ മറാഠിയിലാണ് സംസാരിച്ചത്. അദ്ദേഹം വലിയൊരു മനുഷ്യനാണ്. കിട്ടുന്ന സംഭാഷണം എത്ര മനോഹരമായാണ് അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിലേക്ക് മാറ്റുന്നത്. ഓരോ വരിയിലും അദ്ദേഹം രസകരമായ ശൈലി കൊണ്ടുവരും,’ അക്ഷയ് പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രമെത്തുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും പണച്ചെലവുള്ള ചിത്രമാണിത്. 543 കോടി രൂപയാണ് 2.0യുടെ ബജറ്റ്. പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നിവിടങ്ങളിലും അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 120 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതുവരെ നേടിയത്. റിലീസിന് മുമ്പേ 100 കടന്ന ആദ്യ തമിഴ് ചിത്രം എന്ന ഖ്യാതിയും 2.0യ്ക്ക് സ്വന്തം.

ആഗോള തലത്തില്‍ ചിത്രം 10,000 സ്‌ക്രീനുകളിലായാണ് റിലീസിനെത്തുന്നത്. ഇന്ത്യയില്‍ മാത്രം ഏകദേശം 6,600-6,800 സ്‌ക്രീനുകളില്‍ 2.0 എത്തും. രണ്ട് മണിക്കൂര്‍ 28 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook