സൂപ്പർസ്റ്റാർ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയമകളുമായ സൗന്ദര്യയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. വീർ രജനികാന്ത് എന്നാണ് കുഞ്ഞിന് സൗന്ദര്യ പേരു നൽകിയിരിക്കുന്നത്. ഗർഭകാലത്തുനിന്നുള്ള ചിത്രങ്ങളും സൗന്ദര്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
സൗന്ദര്യയുടെ മൂത്തമകൻ വേദിനെയും ഭർത്താവ് വിശാഖനെയും ചിത്രങ്ങളിൽ കാണാം. “ദൈവത്തിന്റെ സമൃദ്ധമായ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വനങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു,” സൗന്ദര്യ കുറിച്ചു.
മുൻപ് വ്യവസായിയായ അശ്വിൻ രാം കുമാറിനെ സൗന്ദര്യ വിവാഹം ചെയ്തിരുന്നു, അതിലുള്ള മകനാണ് വേദ്. സൗന്ദര്യ രജനികാന്തും വിശാഗനും 2019ലാണ് വിവാഹിതരായത്.
അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സൗന്ദര്യ പിന്നീട് രജനികാന്തിന്റെ ചിത്രമായ കൊച്ചടൈയാൻ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.