പ്രശസ്ത സൗണ്ട് ഡിസൈനറും ഒാക്സാർ ജേതാവുമായ റസൂൽ പൂക്കുട്ടി സംവിധായകനാവുന്നു. ബോളിവുഡിലാണ് റസൂലിന്റെ കന്നിചിത്രം ഒരുങ്ങുന്നത്. ‘സർപകൽ’ എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ‘രംഗ് ദേ ബസന്തി’യുടെ തിരക്കഥ ഒരുക്കിയ കമ്‌ലേഷ് പാണ്ഡെയാണ് ‘സർപകലി’നായി തിരക്കഥ ഒരുക്കുന്നത്.

ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേർന്ന് റസൂൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ അന്തർദ്ദേശീയ തലത്തിലെ താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നും വാർത്തകളുണ്ട്. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിലെ സൗണ്ട് മിക്സിംഗിന് 2009 ലാണ് റസൂൽ പൂക്കൂട്ടി ഓസ്കാർ കരസ്ഥമാക്കുന്നത്. 10 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ഓസ്കാർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് റസൂൽ. ഫെബ്രുവരി 24 ന് നടക്കുന്ന ഓസ്കാർ ചടങ്ങിൽ റസൂലും പങ്കെടുക്കും.

Read more: ‘മാമാങ്ക’ത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ സങ്കടകരം: റസൂൽ പൂക്കുട്ടി

ശങ്കറിന്റെ സംവിധാനത്തിൽ രജനീകാന്തും അക്ഷയ്‌കുമാറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘2.0’ വിന്റെ സൗണ്ട് ഡിസൈനിംഗ് നിർവ്വഹിച്ചതും റസൂൽ പൂക്കുട്ടിയായിരുന്നു. വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രാണ’യുടെ സൗണ്ട് ഡിസൈനിംഗ് നിർവ്വഹിച്ചതും റസൂൽ പൂക്കുട്ടി ആയിരുന്നു. റസൂൽ ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റിൽ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയായിരുന്നു ‘പ്രാണ’. നിത്യ മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോളാമ്പി’യുടെ സൗണ്ട് ഡിസൈനറും റസൂൽ പൂക്കുട്ടി തന്നെ. ‘കോളാമ്പി’യിലും നിത്യ തന്നെയാണ് നായിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ