95 സിനിമകളുടെ ശബ്ദ വിന്യാസത്തിന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധൻ, പത്തോളം വ്യത്യസ്ത ഭാഷകളിൽ സിനിമകൾ, റസൂൽ പൂക്കുട്ടി, നകുൽകാംതെ, ബെലോൻ ഫോനെസ്ക, കുനാൽ ശർമ്മ മുതലായ ലോക പ്രസിദ്ധ ടെക്‌നീഷ്യന്മാരുടെ ടീമിലെ നിത്യസാന്നിധ്യം, വാൾട്ട് ഡിസ്നി അടക്കം നിരവധി ഹോളിവുഡ് പ്രൊഡക്ഷൻ സിനിമകൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുള്ള സൗണ്ട് മിക്സിങ് എഞ്ചിനീയർ. ഇത്രയും വലിയ പ്രൊഫൈൽ മറ്റാരുടേയുമല്ല, മലയാളിയായ ബോണി എം ജോയ് ആണ് സിനിമാ സാങ്കേതിക മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്നത്. കൊച്ചി പറവൂർ സ്വദേശിയായ ബോണി എം. ജോയ് ഒരു സംഗീതജ്ഞൻ കൂടിയാണ്. കലാഭവനിലൂടെയും, ചേതന അക്കാഡമിയിലൂടെയുമാണ് ബോണി സിനിമയിലേക്ക് വളരുന്നത്.

ബോളിവുഡിൽ ഗാങ്സ് ഓഫ് വസീപൂർ, പിക്കു പോലുള്ള സിനിമകൾ മുതൽ ഒരുപാടു മറാഠി, ബംഗാളി ,പഞ്ചാബി സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച അനുഭവ പരിചയമുള്ള ബോണി മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചിട്ട് അധികമായിട്ടില്ല. ഡബിൾബാരൽ, പത്തേമാരി, കമ്മട്ടിപ്പാടം, വീരം തുടങ്ങിയ സാങ്കേതികത്വത്തിന്റെ പൂർണത കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച സിനിമകളിലെല്ലാം കൃത്യമായ ശബ്ദമൊരുക്കാൻ ബോണിക്കായി. ഇപ്പോൾ ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന സിനിമയിൽ ശബ്ദമൊരുക്കിക്കഴിഞ്ഞിരിക്കുകയാണ് ബോണി. വെള്ളിയാഴ്ചയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം പുറത്തിറങ്ങുന്നത്.

പൈപ്പിൻ ചുവട്ടിലെ പ്രണയത്തെ കുറിച്ചും സിനിമയിൽ ഒരുക്കിയിരിക്കുന്ന ശബ്ദ വിസ്മയങ്ങളെ കുറിച്ചും ബോണി എം ജോയ് ഐ.ഇ മലയാളത്തോട് വിവരിക്കുന്നു.

പൈപ്പിൻ ചുവട്ടിലെ പ്രണയം: സംവിധായകനും സാങ്കേതിക പ്രവർത്തകരും

മലയാള സിനിമയിലെ മാറുന്ന ‘ശബ്ദങ്ങൾ’

വ്യത്യസ്ത പ്രമേയങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട് മലയാള സിനിമ പലപ്പോഴും. പക്ഷേ സാങ്കേതിക മേഖലയിൽ മലയാള സിനിമ മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ച് മുന്നിലാണെന്ന് പറയുക വയ്യ. എങ്കിലും മലയാള സിനിമയും സാങ്കേതികത്വത്തിൽ മാറ്റത്തിന്റെ പാതയിലാണെന്ന് ബോണി എം ജോയ് പറയുന്നു. ‘ഡബിൾ ബാരലും പത്തേമാരിയും വീരവുമെല്ലാം ഇത്തരത്തിലുള്ള മാറ്റത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ പൈപ്പിൻ ചോട്ടിലെ പ്രണയവും.

വളരെ വ്യത്യസ്തമായ സൗണ്ട് ട്രീറ്റ്മെന്റാണ് ഈ സിനിമയിലേത്. ശബ്ദങ്ങൾക്ക് കഥയുടെ ഒഴുക്കിൽ അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനോടൊപ്പം തന്നെ നാച്ചുറൽ സൗണ്ടിന്റെ വിന്യാസവും കഥ പറച്ചിലിനെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് മറ്റൊരു തെളിവായിരിക്കും പൈപ്പിൻ ചുവട്ടിലെ പ്രണയം’ ബോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പൈപ്പിൻചുവട്ടിലെ പരിശീലനങ്ങൾ, പരീക്ഷണങ്ങൾ

വളരെ റിയലിസ്റ്റിക്കായ കഥപറച്ചിലാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റേത്. അതിനാൽ തന്നെ അതിന്റെ ശബ്ദവിന്യാസവും റിയലിസ്റ്റിക്കാവണം എന്നായിരുന്നു സംവിധായകൻ ഡോമിൻ അവശ്യപ്പെട്ടതെന്ന് ബോണി പറയുന്നു. ‘അനുരാഗ് കശ്യപ് ഒക്കെ ഒരുക്കുന്നത് പോലെ ദൃശ്യങ്ങളിൽ നിന്ന് പറിച്ചെടുക്കാനാവാത്ത ശബ്ദം. അതായിരുന്നു ഡോമിന്റേയും ആവശ്യം. അതിനായി എത്ര എഫർട്ട് എടുക്കാനും കൂടെ നിൽക്കാമെന്നും സംവിധായകന്റെ ഉറപ്പ്. വ്യത്യസ്ത പരീക്ഷണം തന്നെയാണ് പിന്നെ സൗണ്ട് ടീം നടപ്പാക്കിയത്. സിനിമയുടെ കഥാ പശ്ചാത്തലമായ തുരുത്തിൽ ഒരു സൗണ്ട് കോമ്പിങ് ഓപ്പറേഷൻ തന്നെ നടത്തി’ ബോണി വിശദീകരിക്കുന്നു.

സിനിമയുടെ ജീവനാണ് ശബ്ദം, പക്ഷേ കഥയ്ക്കപ്പുറമല്ല

മലയാള സിനിമയിൽ സാങ്കേതികത മുന്നേറുന്നതിനനുസരിച്ച് സിനിമാ പ്രദർശന ശാലകളും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ബോണിയുടെ അഭിപ്രായം. ‘പലപ്പോഴും തിയേറ്ററുകളുടെ നിലവാരമില്ലായ്മ സിനിമയുടെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എങ്കിലും പല തിയേറ്ററുകളും ഇപ്പോൾ ഡോൾബി അറ്റോമസ് അടക്കമുള്ള സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് ആശാവഹമാണ്.

ശരീരത്തിന് ജീവൻ എങ്ങനാണോ അങ്ങനെയാണ് സിനിമക്ക് ശബ്ദം. ശബ്ദമില്ലാത്ത വിഷ്വലിന് ജീവനുണ്ടാകില്ല പക്ഷേ കഥയ്ക്കും മുകളിലല്ല ശബ്ദത്തിന്റെ സ്ഥാനം. അങ്ങനെ സംഭവിച്ചാൽ അത് അരോചകമായി മാറും. കഥയെ സപ്പോർട്ട് ചെയ്യലാണ് ശബ്ദത്തിന്റെ കടമ’

അത്ഭുതങ്ങൾ കാട്ടുന്ന ഗുരുക്കന്മാർ, കാലുറപ്പിച്ച നാളുകൾ

ശബ്ദവിന്യാസത്തിൽ അത്ഭുതങ്ങൾ കാട്ടിയ പ്രമുഖരോടൊപ്പമായിരുന്നു ബോണിയും സിനിമക്ക് പിന്നിൽ നിലയുറപ്പിച്ചത്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച ബോണി ശബ്ദമിശ്രണത്തിനു നാഷണൽ അവാർഡ് നേടിയ സിനോയ് ജോസെഫിന്റെ സൗണ്ട് ടീമിലുമുണ്ടായിരുന്നു. ബി.ബി.സി യുടെ ഡോക്യുമെന്ററിയായ ഇൻഡ്യയുടെ മകൾ, ശ്രദ്ധേയ സിനിമകളായ ഗാങ്സ് ഓഫ് വസീപൂർ, തിത്തി, പിക്കു, ഇംഗ്ലീഷ് വിൻഗ്ലിഷ്, ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ, മസാൻ ,ഹാറംഖോർ, കൊച്ചടിയാൻ, ഒറ്റാൽ, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങി നാഷണൽ അവാർഡ് വിന്നിങ് മൂവി ആയ ലേബർ ഓഫ് ലവിന്റെ സൗണ്ട് ഡിപാർട്മെന്റിലും ബോണി എം ജോയ് സജീവ സാനിധ്യമായിരിന്നു.

പ്രശസ്ത ജർമൻ സാങ്കേതിക വിദഗ്ധൻ മാർട്ടിൻ സ്റ്റെയർ, നാഷണൽ അവാർഡ് നേടിയ ജസ്റ്റിൻജോസ്, അജയകുമാർപി.ബി, അനൂപ് ദേവ്, രംഗനാഥ് രവി മുതലായവരുടെ കൂടെയെല്ലാം സൗണ്ട് ഡിപാർട്മെന്റിൽ പ്രവർത്തിച്ചിട്ടുള്ള ബോണി എം ജോയ് ഇപ്പോൾ കൊച്ചി പാലാരിവട്ടത്തു ‘ഏകം’ എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി നടത്തുകയാണ്. മഹാരഥന്മാരോടൊപ്പമുള്ള പ്രവൃത്തി പരിചയം കുറച്ചൊന്നുമല്ല സൗണ്ട് എൻജിനീയർ എന്ന നിലയിൽ തന്നെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുള്ളതെന്ന് ബോണി പറയുന്നു.

പൈപ്പിൻ ചുവട്ടിലെ പ്രണയം ടീം: ഫെയ്സ്ബുക്ക്

വ്യത്യസ്തമായ ഒരു പ്രമേയത്തോടെ എത്തുന്ന ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ പ്രേക്ഷകർ സ്വീകരിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ബോണിയും സംഘവും. നീരജ് മാധവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ U സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും,ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വേറിട്ട ടൈറ്റില്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം അതിനൊപ്പം വളരെ റിയലിസ്റ്റിക്കായ അവതരണവും പാട്ടുകളിലും മറ്റും റിലീസിന് മുന്‍പ് തന്നെ വിജയസാധ്യതയേറിയ ചിത്രമെന്ന പ്രതീക്ഷ ഈ ചിത്രത്തിന് നല്‍കുന്നു.

റീബ ജോണ്‍ നായികയായി എത്തുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം അപ്പാനി രവി(ശരത്ത്), അജു വര്‍ഗീസ്, ഋഷി കുമാര്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. സന്ദീപ് നന്ദകുമാറാണ് ചിത്രത്തിന്റെ എഡിറ്റർ. പവി കെ പവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ