മലയാളത്തിന്റെ പ്രിയതാരമാണ് നസ്രിയ നാസിം. നസ്രിയയുടെയും ഇരട്ട സഹോദരനായ നവീൻ നസീമിന്റെയും ജന്മദിനമാണ് ഇന്ന്. ഇരുവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ.
നസ്രിയയുടെ 28-ാം പിറന്നാളിൽ ആരാധകരും സിനിമ രംഗത്തെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരും നസ്രിയയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
നസ്രിയയ്ക്കും നവീനിനും ആശംസകൾ നേർന്ന് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാനും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. “ക്രേസിയായ, രസികരായ,എപ്പോഴും പിന്തുണ നൽകുന്ന ഈ സഹോദരങ്ങൾക്ക് ജന്മദിനാശംസകൾ. മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും എല്ലാത്തിലും മികച്ചത് ലഭിക്കട്ടെ.”
2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.
രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.