സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വികൃതി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. യുവതാരം ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ,മാമുക്കോയ,നെബീഷ്,ബിട്ടോ ഡേവീസ്,അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി,സുരഭി ലക്ഷ്മി,മറീന മെെക്കിൾ,ഗ്രേസി,റിയ,മമിത ബെെജു,പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന “വികൃതി ” യുടെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം സുരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വികൃതി. കുമ്പളങ്ങി നൈറ്റ്സ് ആണ് സൗബിൻ മുഖ്യവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. സൗബിനും തൻവിയും പ്രധാന വേഷങ്ങളിലെത്തുന്ന അമ്പിളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

‘ഗപ്പി’ എന്ന മനോഹരമായ ചിത്രത്തിന് ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘അമ്പിളി’. സൗബിന് പുറമെ നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തിലെ മുഖ്യ കഥാപാത്രമാണ്. വർഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ന‍ർമ്മത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയുള്ള അമ്പിളിയുമായി സംവിധായകന്‍ ജോൺ പോള്‍ എത്തുന്നത്.

സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയിൽ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഞെട്ടിക്കുന്നതായിരുന്നു. നടന്‍ ഫഹദ് ഫാസിൽ തന്നെയാണ് അമ്പിളിയുടെ ഫസ്റ്റ് ലുക്കും ഫേസ്ബുക്ക് വഴി ആരാധകരിലേക്കെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook