രണ്ട് വർഷം മുൻപ് കൊച്ചി മെട്രോയിലെ ‘പാമ്പെ’ന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം മലയാളികൾക്ക് അത്രയെളുപ്പമൊന്നും മറക്കാനാവില്ല. മദ്യപിച്ച് ബോധമില്ലാതെ മെട്രോയിൽ കിടന്നുറങ്ങിയ ആൾ എന്ന വ്യാജേനെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത അങ്കമാലി സ്വദേശി എല്‍ദോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സഹോദരനെ കണ്ട് തിരിച്ചുവരുന്ന വഴി ക്ഷീണം കൊണ്ട് കിടന്നു പോയതിനെ ആരോ തെറ്റായി ചിത്രീകരിക്കുകയായിരുന്നു. ആ സംഭവത്തെ ആധാരമാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചിത്രമാണ് ‘വികൃതി’. ചിത്രം കാണാൻ ആദ്യദിനം തിയേറ്ററുകളിൽ എത്തിയവരിൽ എൽദോയും ഉണ്ടായിരുന്നു.

തന്റെ കഥ സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞ എൽദോ ചിത്രത്തിന്റെ പ്രവർത്തകരുമായി സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് എൽദോയുടെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്.

എൽദോ എന്ന വ്യക്തി കടന്നു പോകുന്ന വൈകാരിക അവസ്ഥകളെ ഏറ്റവും ഹൃദയ സ്പർശിയായി അവതരിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടിന് സാധിച്ചു എന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. “എൽദോ കരയുമ്പോൾ കൂടെ പ്രേക്ഷകരും കരയും, ചിരിക്കുമ്പോൾ കൂടെ നമ്മളും ചിരിക്കും. സുരാജ് എന്ന നടനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നുമല്ല ‘വികൃതി’യിലേത്, എങ്കിലും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നാണെന്നതിൽ തര്‍ക്കമില്ല. ഏറ്റവും ഭദ്രമായ കൈകളിൽ തന്നെയാണ് സംവിധായകൻ കഥാപാത്രത്തെ ഏൽപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ബോധ്യപ്പെടും,” എന്നാണ് സുരാജിന്റെ അഭിനയത്തെ ‘വികൃതി’ റിവ്യൂവിൽ സന്ധ്യ കെ പി വിലയിരുത്തുന്നത്.

Read more: Vikrithi Movie Review: ഈ ‘വികൃതി’ നല്ലതാണ്

സുരാജിനെ കൂടാതെ സൗബിൻ, സുരഭി ലക്ഷ്മി, സുധി കോപ്പ, ഇർഷാദ്, ബാലു വർഗീസ്, ബാബുരാജ്, ജാഫർ ഇടുക്കി, പൗളി വത്സൻ. ഭഗത് മാനുവല്‍, സുധീ‍ർ കരമന, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുമുഖം വിന്‍സി അലോഷ്യസ്യാണ് ചിത്രത്തിലെ നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്.

Read more: പാർവ്വതിയോട് ഇഷ്ടം; ഐശ്വര്യയോട് അസൂയ; ‘വികൃതി’ നായിക വിന്‍സി പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook