തന്റെ ജൂനിയറിനെ കൈക്കുമ്പിളിലെടുത്ത് സൗബിൻ സാഹിർ. സുഖമായി ഉറങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ അമ്മസ്നേഹത്തോടെ ഉമ്മ വെച്ച ജാമിയ. സൗബിന്റെയും ജാമിയയുടെയും മകനൊപ്പമുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും. സൗബിന്റെയും ജൂനിയർ സൗബ്ബിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇന്നലെ മദേഴ്സ് ഡേയിൽ ജാമിയയ്ക്ക് മാതൃദിന ആശംസകൾ നേർന്നുകൊണ്ടാണ് സൗബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സൗബിൻ കുഞ്ഞിനെ കയ്യിലെടുത്ത് ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത് നടനും സൗബിന്റെ സുഹൃത്തുമായ അർജുൻ അശോകനാണ്. ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റർ ജൂനിയർ എന്നാണ് അർജുൻ കുറിക്കുന്നത്.
മേയ് 10-ാം തിയ്യതിയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. അന്നു തന്നെ ഇൻസ്റ്റഗ്രാമിലൂടെ താൻ പിതാവായ വിവരം സൗബിൻ ആരാധകരെ അറിയിച്ചിരുന്നു. ജാമിയയുടെ കൈയില്‍ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രവും സൗബിൻ പങ്കുവച്ചിരുന്നു.
‘ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം സഹിതമാണ് ഫെയ്സ്ബുക്ക് വഴി ആദ്യം വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ചിത്രവും സൗബിന്‍ പങ്കുവെച്ചത്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു.
സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പറവ’ സംവിധായകന്‍ എന്ന നിലയിലും താരത്തെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് സൗബിൻ.
ചിത്രീകരണം പൂർത്തിയായ ‘ജാക്ക് ആൻഡ് ജിൽ’, ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’, ഗപ്പി സംവിധായകൻ ജോൺ പോളിന്റെ പുതിയ ചിത്രം ‘അമ്പിളി’, ഒരിടവേളയ്ക്ക് ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ‘അമ്പിളി’, സിദ്ധാർത്ഥ് ഭരതൻ ചിത്രം ‘ജിന്ന്’ എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളുമായി അഭിനയത്തിലും തിരക്കിലാണ് സൗബിൻ.