സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനായി താനും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ലെന്ന് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. സാമുവല്‍ റോബിണ്‍സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

‘ഇവിടത്തെ കാര്യങ്ങള്‍ സാമുവലിന് അറിവുണ്ടാകില്ല. ചിത്രം വലിയ ഹിറ്റ് ആയത് കൊണ്ടാവാം അദ്ദേഹത്തിന് അങ്ങനെ തോന്നിയത്. പടം ഹിറ്റാണെങ്കിലും പൈസ വരാന്‍ സമയമെടുക്കും. സാമുവലിന് കൊടുത്ത അത്ര പോലും ഞാന്‍ ചോദിച്ചിട്ടുമില്ല, കിട്ടിയിട്ടുമില്ല. ചെറിയ ഒരുപടം ചെയ്യണം എന്ന് മാത്രമായിരുന്നു. സാമുവല്‍ പറഞ്ഞ പണം കൊടുത്തിട്ടുണ്ട്. ആ നടപടികളൊക്കെ കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തിയത്. പിന്നെ ചിത്രത്തിന്റെ ലാഭത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വളരെ ചെറുപ്പമാണ് സാമുവല്‍. അദ്ദേഹം തിരികെ പോയപ്പോള്‍ ചിത്രത്തിന്റെ ഹിറ്റിനെ കുറിച്ച് ചിന്തിച്ചത് കൊണ്ട് സംഭവിച്ചതാകാം’, സൗബിന്‍ പറഞ്ഞു.

1.80 ലക്ഷം രൂപ മാത്രമാണ് തനിക്ക് പ്രതിഫലമായി കിട്ടിയതെന്ന് ഇന്നലെ സാമുവല്‍ പറഞ്ഞിരുന്നു. കുറഞ്ഞ ബജറ്റിലുളള പടമാണെന്ന് കരുതിയാണ് ഈ തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തും റിലീസ് ചെയ്യുന്ന ചിത്രമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാള്‍ട്ട് ഡിസ്നിയുടെ പരമ്പരയില്‍ അഭിനയിച്ചതിന് 16-ാം വയസില്‍ ഇതിന്റെ മൂന്നിരട്ടി തനിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

‘നൈജീരയയിലേക്ക് പോകും മുമ്പ് തക്കതായ പ്രതിഫലം നല്‍കുമെന്ന് നിര്‍മ്മാതാക്കൾ വാക്കാല്‍ പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുമായുളള സൗഹൃദവും അവരുടെ വാക്കും വിശ്വസിച്ച് ഈ ചിത്രത്തിനായി ഞാന്‍ എന്റെ ആത്മാവ് പോലും സമര്‍പ്പിച്ചു. എന്നാല്‍ എന്നോട് നീതികേടാണ് കാണിച്ചതെന്ന് തിരിച്ചറിഞ്ഞതിനാലാണ് പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നൈജീരിയയിലേക്ക് തിരിക്കുമ്പോള്‍ എനിക്ക് വിമാനത്താവളത്തിലെ ചെലവിനായി 7000 രൂപ തന്നതല്ലാതെ മറ്റ് വാഗ്‌ദാനങ്ങളെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. കൈയില്‍ പണം കുറവായത് കൊണ്ട് തന്നെ ഇത് സംബന്ധിച്ച് ഞാന്‍ നിര്‍മ്മാതാക്കള്‍ക്ക് മെയില്‍ അയച്ചു. അടുത്ത ആഴ്ച ദുബായില്‍ പടം പ്രമോട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെയിലിന് മറുപടി പോലും ലഭിച്ചില്ല. പടത്തിന്റെ ചിത്രീകരണ വേളയില്‍ പലപ്പോഴും ദുസ്സഹമായ ഇടങ്ങളില്‍ താമസിക്കുകയും തൃപ്തിയില്ലാത്ത ഭക്ഷണം കഴിക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ തിരികെ നാട്ടിലെത്തിയാല്‍ ഒക്കെ ശരിയാകുമല്ലോ എന്നാണ് ഞാന്‍ കരുതിയത്. കേരളത്തിനോ മലയാളികള്‍ക്കോ എതിരായല്ല ഞാന്‍ പറയുന്നത്. അവരെ എനിക്ക് ഏറെ ഇഷ്ടമാണ്. എന്റെ പ്രതിഫലം ഉറപ്പാക്കി തരാന്‍ കേരള സര്‍ക്കാരിന്റേയും സിനിമാ സംഘടനകളുടേയും സഹായമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കേരളത്തെയോ അവിടത്തെ നല്ലവരായ ജനങ്ങളെയോ അവമതിക്കാനല്ല ഞാന്‍ മുന്നോട്ട് വന്നത്. എന്റെ വയസ് കാരണം ഞാന്‍ ചൂഷണം ചെയ്യപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. നേരത്തേ എന്റെ നിറത്തിന്റെ പേരിലാണ് വിവേചനം എന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു നടന് അര്‍ഹിക്കുന്ന വേതനം ഉറപ്പാക്കാന്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് ഞാന്‍ തേടുന്നത്’, സാമുവല്‍ റോബിന്‍സന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ