/indian-express-malayalam/media/media_files/uploads/2018/03/sudani-1.jpg)
ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരില്‍ ആവേശവും ആകാംക്ഷയുമുണര്‍ത്തിയാണ് നവാഗതനായ സക്കരിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ ഏറ്റവും വലിയ ആവേശമായ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു നാടിന്റെ സ്‌നേഹവും സംസ്‌കാരവുമാണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലമായി വി.പി സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം മറ്റൊരു ഫുട്‌ബോള്‍ ചിത്രം.
എന്നാല്‍ 'സുഡാനി ഫ്രം നൈജീരിയ' ഒരു സ്‌പോര്‍ട്‌സ് മൂവി അല്ല. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍, നൈജീരിയയില്‍ നിന്നുള്ള കളിക്കാരനും മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ ടീം മാനേജരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. കാല്‍പ്പന്തുകളിയുടെ ആവേശത്തിനപ്പുറം ദേശവും ഭാഷയും തടസ്സമാകാത്ത സ്‌നേഹത്തിലേക്കും, വൈകാരിക ബന്ധങ്ങളിലേക്കുമാണ് സക്കരിയ തന്റെ ക്യാമറ തിരിക്കുന്നത്. സെവന്‍സിന്റെ നാടായ മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ടീമിന്റെ മാനേജറാണ് സൗബിന്‍ സാഹിര്‍ അവതരിപ്പിക്കുന്ന മജീദ് റഹ്മാന്‍ എന്ന കഥാപാത്രം. പ്ലസ് ടു തോറ്റ് സ്ഥിരവരുമാനമൊന്നുമില്ലാത്ത മജീദും അയാളുടെ ടീം അംഗങ്ങളും അവര്‍ക്കിടയിലെ സ്‌നേഹവും അത്രയേറെ സൗന്ദര്യത്തോടെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനാണ് ഈ ടീമിന്റെ താരം. നൈജീരിയയില്‍ നിന്നാണെങ്കിലും സാമുവല്‍ ഇവര്‍ക്ക് സുഡാനിയാണ്. ഭാഷ അഭിനയത്തിന് ഒരു തടസമല്ലെന്ന് ഇയാള്‍ തെളിയിച്ചു. സ്‌നേഹത്തോടെ ആ നാട്ടുകാര്‍ അയാളെ സുഡു എന്നു വിളിക്കുന്നു. അപ്രതീക്ഷിതമായി സുഡുവിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നു. പരിചരിക്കാന്‍ ആരുമില്ലാതായ സാമുവലിനെ മജീദ് സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നു.
തുടക്കത്തില്‍ നാടും നാട്ടുകാരും ഭാഷയുമെല്ലാം സാമുവലിന് അപരിചിതമായിരുന്നെങ്കിലും, പതിയെ അയാളും അവരില്‍ ഒരാളാകുന്നു. സൗബിന്റെ ഉമ്മയായ ജമീലയും അയല്‍വാസിയായ ബീവിത്തയും, സാമുലിനെ കാണാന്‍ വരുന്ന ഓരോ നാട്ടുകാരും അയാളോട് മലയാളത്തില്‍ സംസാരിക്കുകയും അയാള്‍ ഇംഗ്ലീഷില്‍ മറുപടി പറയുകയും ചെയ്യുന്നു. അവര്‍ക്കിടയിലെ ഭാഷ സ്‌നേഹമായി മാറുന്നു.
മുമ്പ് കേരളത്തില്‍ പഠിക്കാനായി ആഫ്രിക്കയില്‍ നിന്നും മറ്റും വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ അവിടുത്തെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ കളിക്കാരാകുമായിരുന്നു. എന്നാല്‍ ഏതു ആഫ്രിക്കന്‍ രാജ്യമായാലും മലപ്പുറത്തുകാര്‍ അവരെ വിളിച്ചിരുന്നത് സുഡാനി എന്നാണ്. അതുകൊണ്ടു തന്നെയാണ് സിനിമയ്ക്ക് ഈ പേരു വന്നതും. മലപ്പുറത്തെക്കുറിച്ച് മുമ്പിറങ്ങിയ പല സിനിമകളും പറഞ്ഞുവച്ച പതിവുകളെ സുഡാനി തെറ്റിക്കുന്നുണ്ട്. മലപ്പുറം എന്താണെന്നും ആ നാട്ടുകാര്‍ എങ്ങനെയാണെന്നും അവരുടെ ശീലങ്ങളും രീതികളുമെല്ലാം നന്നായി പഠിച്ചാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നു വ്യക്തമാണ്. മലപ്പുറത്തിനെതിരെ പൊതുബോധത്തിൽ കുത്തിനിറച്ചിട്ടുളള 'ഫൗളുകൾക്ക്' എതിരെ വിസിൽ മുഴക്കുന്നുണ്ട് സംവിധായകൻ. അതിന് ഒരു ഉദാഹരണമാണ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിച്ചു വിടുന്ന നാട് എന്ന് പൊതുവെ മലപ്പുറത്തിനുള്ള ചീത്തപ്പേരും ചിത്രം തിരുത്തുന്നുണ്ട്.
ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് ആദ്യമായി സൗബിന്‍ സാഹിര്‍ നായക കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായകന്മാര്‍ക്കപ്പുറത്തേക്ക് നടന്മാരിലേയ്ക്കുള്ള മലയാള സിനിമയുടെ ചുവടുമാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് സൗബിന്‍ സാഹിര്‍. അത്ര സ്വാഭാവികമായാണ് സൗബിന്‍ മജീദായിരിക്കുന്നത്. ട്രെയിലറില്‍ കണ്ട പെണ്ണുകാണല്‍ രംഗം പോലെയോ, അതിനെക്കാള്‍ മികച്ചതോ ആയ നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രം സൗബിന് സമ്മാനിച്ചിട്ടുണ്ട്.
നായകന്റെ കാമുകിയോ ഭാര്യയോ അല്ല ഈ ചിത്രത്തിലെ നായിക. അമ്പതു വയസിലേറെ പ്രായമുള്ള അയാളുടെ ഉമ്മ ജമീലയും(സാവിത്രി ശ്രീധരന്‍) അയല്‍വാസിയായ ബീവിയുമ്മയു(സരസ ബാലുശ്ശേരി)മാണ് ചിത്രത്തിലെ യഥാര്‍ത്ഥ താരങ്ങള്‍. എവിടെയായിരുന്നു ഈ അഭിനേത്രികള്‍ ഇത്രയും നാള്‍ എന്നു തോന്നിക്കും വിധം തങ്ങളുടെ വേഷങ്ങളെ അവര്‍ മനോഹരമാക്കി. ഒരര്‍ത്ഥത്തില്‍ ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതു പോലും ഇവരാണ്. മലപ്പുറത്തെ ഉമ്മമാരുടെ നിസ്വാര്‍ത്ഥമായ സ്‌നേഹവും കരുതലും കൂടിയാണ് 'സുഡാനി ഫ്രം നൈജീരിയ'. നാട്ടുകാരായും സൗബിന്റെ സുഹൃത്തുക്കളായും എത്തുന്ന ഓരോ കഥാപാത്രങ്ങളും മികവു പുലര്‍ത്തി. സമൂഹം ഏറെ ഗൗരവത്തോടെ കാണേണ്ട, അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളിലേക്കു കൂടി ചിത്രം വിരല്‍ ചൂണ്ടുന്നുണ്ട്.
ഷൈജു ഖാലിദിന്റെ ഛായാഗ്രാഹണവും റെക്‌സ് വിജയന്റെ സംഗീതവും സിനിമയുടെ കരുത്താണ്. ക്യാമറ ഫുട്‌ബോള്‍ മൈതാനത്തേക്കു തിരിക്കുമ്പോള്‍ തിയേറ്ററിലല്ല, മറിച്ച് മൈതാനത്തിന്റെ ഗ്യാലറിയിലാണ് തങ്ങളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ ഷൈജുവിനായി. ചിത്രത്തിന്റെ പള്‍സറിഞ്ഞാണ് റെക്‌സ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഫുട്‌ബോളല്ല, ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ് ഈ സിനിമയുടെ ഹൃദയം. ഊതിവീർപ്പിക്കപ്പെട്ട കാഴ്ചകളല്ല, മറിച്ച് ഒരു ജനതയുടെ അനുതാപത്തിന്റെ പച്ചപ്പാണ് ഈ ചിത്രത്തിനെ കോർത്തിണിക്കുന്ന നൂലിഴ. ചുരുക്കി പറഞ്ഞാൽ മലപ്പുറത്തെ അറിഞ്ഞ് അവതരിപ്പിച്ച ഒരു മലയാള ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.