അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രമായി സൗബിൻ ഷാഹിറും എത്തുന്നുണ്ട്. സൗബിന്റെ അജാസ് എന്ന കഥാപാത്രത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് അമൽ നീരദ് ചിത്രത്തിൽ സംവിധാന സഹായിയായി എത്തിയ ആളാണ് സൗബിൻ ഷാഹിർ. ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ സൗബിൻ, അമൽ നീരദിന്റെ അസിസ്റ്റന്റ് എന്ന് പറയുന്നതിനേക്കാൾ തനിക്ക് അഭിമാനം നൽകിയ മറ്റൊന്നുമില്ലെന്ന് പറയുകയാണ് ഇപ്പോൾ.
“അമലേട്ടന്റെ അസിസ്റ്റന്റ് എന്ന് പറയുന്നതിനേക്കാൾ വലിയ അഭിമാനം മറ്റൊന്നും എനിക്ക് നൽകുന്നില്ല, അന്നും ഇന്നും” സൗബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അമൽ നീരദിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് സൗബിന്റെ പോസ്റ്റ്.
അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’, ‘അൻവർ’ തുടങ്ങിയ ചിത്രങ്ങളിൽ സൗബിൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കൂടാതെ, അമൽ നീരദിന്റെ ‘അഞ്ച് സുന്ദരികൾ’, ‘ഇയ്യോബിന്റെ പുസ്തകം’ എന്നീ ചിത്രങ്ങളിൽ സൗബിൻ അഭിനയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഒരു ശ്രദ്ധേയവേഷത്തിൽ അമൽ നീരദ് ചിത്രത്തിൽ സൗബിൻ എത്തുന്നത്.
Also Read: ‘ഭീഷ്മപർവ്വ’ത്തിലെ മഹാഭാരതം
15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിക്കുന്നു എന്ന വാർത്തയെ ആവേശത്തോടെ എതിരേറ്റ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാൻ ‘ഭീഷ്മപർവ്വ’ത്തിന് സാധിച്ചുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഹൗസ് ഫുള്ളയാണ് ചിത്രം പ്രദർശനം തുടരുന്നത്.
മമ്മൂട്ടിയ്ക്കും സൗബിൻ ഷാഹിറിനും പുറമെ, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിന്റ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. സുഷിൻ ശ്യാം സംഗീത സംവിധാനവും വിവേക് ഹര്ഷൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
Also Read: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ