ടൊയോട്ടയുടെ ഹൈബ്രിഡ് ലക്സസ് സ്വന്തമാക്കി സൗബിൻ ഷാഹിർ. ടൊയോട്ടയുടെ ആഢംബര കാറുകളിൽ പെടുന്ന ഹൈബ്രിഡ് സെഡാൻ ഇ എസ് 300 എച്ചാണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ലക്സസ് നിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇത്.
സുപ്രീം കോടതി നിർദേശമനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട നിയമകുടുക്കുകളിൽ പെട്ടിരിക്കുകയാണ് സൗബിൻ ഷാഹിറും ഇപ്പോൾ. പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ അഞ്ച് അപ്പാർട്മെന്റുകളിൽ ഒന്നിൽ സൗബിനും ഫ്ളാറ്റുണ്ട്. ഫ്ളാറ്റ് ഉടമകൾക്കൊപ്പം പ്രതിഷേധപരിപാടികളിൽ സൗബിനും രംഗത്തുണ്ട്.
ഈ ഓണക്കാലത്ത് പുതിയ കാർ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൗബിൻ. അടുത്തിടെ മഞ്ജുവാര്യരും ലെനയും തങ്ങളുടെ ഇഷ്ടവാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്യുവി എന്നു വിശേഷിപ്പിക്കാവുന്ന ഹെക്ടർ കാറാണ് ലെന സ്വന്തമാക്കിയത്. നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ ഉള്ള ഹെക്ടറിനെ ഇന്റര്‍നെറ്റ് കാറെന്നാണ് എംജി (മോറിസ് ഗരേജസ്) മോട്ടാർ വിശേഷിപ്പിക്കുന്നത്. മലയാളസിനിമയിൽ നിന്നും ആദ്യമായി ഹെക്ടർ സ്വന്തമാക്കുന്ന താരം എന്ന വിശേഷണവും ലെനയ്ക്കു സ്വന്തം. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയായ എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.
Read more: പുതിയ എംജി ഹെക്ടർ സ്വന്തമാക്കി ലെന
റേഞ്ച് റോവറാണ് മഞ്ജു വാര്യർ വാങ്ങിയിരിക്കുന്നത്. ഏകദേശം 75 ലക്ഷം രൂപയാണ് മഞ്ജു കാറിനു വേണ്ടി ചെലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. റേഞ്ച് റോവറിന്റെ വേളാർ എന്ന മോഡലാണ് മഞ്ജു വാങ്ങിച്ചിരിക്കുന്നത്. മലയാള സിനിമ താരങ്ങള്‍ക്കിടയിൽ ഏറെ മതിപ്പുള്ള കാറുകളിലൊന്നു കൂടിയാണ് റേഞ്ച് റോവർ. പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരും റേഞ്ച് റോവർ ഉപയോക്താക്കളാണ്.
Read more: റേഞ്ച് റോവര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍; വില 75 ലക്ഷത്തോളം!