‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനു ശേഷം സൗബിൻ സാഹിർ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ ഫഹദ് ഫാസിൽ റിലീസ് ചെയ്തു. ഫഹദിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ അനൗൺസ്മെന്റ്. മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ‘കാർത്തിക് കാളിങ് കാർത്തിക്’,’വസീർ’, ‘വിശ്വരൂപം’ സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോൺ വർഗ്ഗീസ് ആണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’എന്ന ഈ പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ഒരു റോബോർട്ടിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന സൗബിൻ ആണ് പോസ്റ്ററിൽ നിറയുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. രസകരമായ ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ചിട്ടീ…നീ തീർന്നെടാ തീർന്ന്’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനു താഴെ ആരാധകരുടെ കമന്റ്.

‘പറവ’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനായി സൗബ്ബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം.

തന്റെ പുതിയ സംവിധാന സംരഭത്തിനൊപ്പം തന്നെ കൈനിറയെ പടങ്ങളുമായി അഭിനയജീവിതത്തിലും
തിരക്കിലാണ് സൗബിൻ. ‘ഗപ്പി’ സംവിധായകൻ ജോൺ പോൾ ജോർജിന്റെ പുതിയ ചിത്രത്തിലും സന്തോഷ് ശിവന്റെ ‘ജാക്ക് ആന്റ് ജിൽ’ എന്ന ചിത്രത്തിലും സൗബിൻ അഭിനയിക്കുന്നുണ്ട്. മഞ്ജുവാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് ‘ജാക്ക്​ ആന്റ് ജില്ലി’ൽ സൗബിൻ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read more: സന്തോഷ്‌ ശിവന്റെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരിയായി മഞ്ജു വാര്യര്‍, ‘ജാക്ക് ആന്‍ഡ്‌ ജില്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook