scorecardresearch
Latest News

സൗഹൃദത്തിന്റെ ഈണം പാടുന്ന ‘ആരാധിക’: അണിയറക്കാര്‍ പറയുന്നു

‘അമ്പിളി’ സിനിമയിലെ ‘ആരാധികേ മഞ്ഞുതിരും വഴിയരികെ….’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളെത്തി പാട്ട് വീണ്ടും വീണ്ടും കേട്ടു. നെഞ്ചിലേറ്റി ചുണ്ടില്‍ നിന്ന് മാറ്റാതെ കൊണ്ടു നടക്കുകയാണ് ‘ആരാധികയെ’ കേരളക്കര

സൗഹൃദത്തിന്റെ ഈണം പാടുന്ന ‘ആരാധിക’: അണിയറക്കാര്‍ പറയുന്നു
Soubin Shahir Ambili Movie songs Vishnu vijayan vinayak sasikumar madhuvanthi narayan sooraj santosh

‘ആരാധിക’യെ ആരാധനയോടെ നെഞ്ചിലേറ്റിയിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന,, ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ സിനിമയിലെ ‘ആരാധികേ മഞ്ഞുതിരും വഴിയരികെ….’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളെത്തി പാട്ട് വീണ്ടും വീണ്ടും കേട്ടു, മൂന്നു ദിവസത്തിനുള്ളില്‍ ടീമിന് ‘ഹാറ്റ്സ് ഓഫ്’ കമന്‍റുകളുമായ് ലക്ഷങ്ങളെത്തി. നെഞ്ചിലേറ്റി ചുണ്ടില്‍ നിന്ന് മാറ്റാതെ കൊണ്ടു നടക്കുകയാണ് ‘ആരാധികയെ’ കേരളക്കര.

 

ചെറുപ്പം മുതല്‍ കര്‍ണാടക സംഗീതവും, ഗസലുകളും പഴയ മലയാളം സിനിമാഗാനങ്ങളും കേള്‍ക്കുന്ന ശീലമുള്ള ഒരാള്‍ക്കറിയാം, മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കാനിഷ്ടം ഏത് തരത്തിലുള്ള പാട്ടുകളായിരിക്കുമെന്ന്. ഗപ്പിയിലെ ‘തനിയെ മിഴികള്‍ക്ക്…’ കിട്ടിയ, കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ നല്ല വാക്കുകള്‍ കൂടിയായപ്പോള്‍ വിഷ്ണു വിജയ്ക്ക് ‘അമ്പിളി’യിലെ സംഗീതസംവിധാനം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.

“ഒരു വര്‍ഷം മുന്‍പാണ് ‘അമ്പിളി’ ടീമിനൊപ്പം ചേരുന്നത്. ‘ഗപ്പി’യിലെ അതേ കൂട്ടുകെട്ടായത് കൊണ്ട് തന്നെ എളുപ്പത്തില്‍ ഇഴുകിച്ചേരാവുന്ന ഒരു ചുറ്റുപാടും. തിരക്കഥ ചിട്ടപ്പെടുത്തുമ്പോള്‍ മുതല്‍ ജോണ്‍പോളിന്‍റെ കൂടെയുണ്ടായിരുന്നു. കഥയ്ക്ക് ചേരുന്ന താളത്തില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്താനായത് അതു കൊണ്ടാണ്” വിഷ്ണു വിജയ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Image may contain: 4 people, people smiling, selfie, beard and close-up

‘ആരാധികേ’ എന്ന പാട്ടിനെ കൂടുതല്‍ ഇമ്പമുള്ളതാക്കിയത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങള്‍ കൂടിയാണ്. ചെന്നൈയിലെ വിഷ്ണുവിന്‍റെ സുഹൃദ് വലയമാണ് അതിനായെത്തിയത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഉപയോഗിക്കുന്ന ‘മോഹന്‍ വീണ’ എന്ന സംഗീതോപകരണമാണ് കൂടുതലുപയോഗിച്ചിരിക്കുന്നത്.

“ഭവാനി പ്രസാദ് എന്ന കലാകാരനാണ് ഈ ഗാനത്തിനായ് മോഹനവീണ വായിച്ചത്. ഗിറ്റാറുമായ് കേബാ ജെറമിയ, തബലയുമായ് ശ്രുതി രാജ് അങ്ങനെ എന്‍റെ താല്‍പര്യമറിയാവുന്ന കൂട്ടുകാരാണ് എല്ലാവരും. ഇത്രയും ഇന്‍സ്ട്രുമെന്‍റ്സ് ഉപയോഗിക്കുമ്പോള്‍, സൌണ്ട് മിക്സിങ് വളരെ പ്രധാനപ്പെട്ടതാണ്. ചെന്നൈയില്‍ 2bar Q സ്റ്റുഡിയോ നടത്തുന്ന സുജിത്ത് ശ്രീധരാണ് ഭംഗിയായ് അതു ചെയ്തിരിക്കുന്നത്. സുജിത്തിന്‍റെ ആദ്യ മലയാളചിത്രം കൂടിയാണ് ഇത്. ഫ്ലൂട്ട് വായിച്ചത് ഞാന്‍ തന്നെയാണ്,” കൂട്ടുകാരെക്കുറിച്ചും താളത്തില്‍ പറഞ്ഞു കൊണ്ടിരുന്നു വിഷ്ണു.
‘അമ്പിളി’യിലെ ആറ് ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് തന്നെ.

“നീ എന്തെഴുതിയാലും ഞാന്‍ ‘നോ’ മാത്രമേ പറയൂ,” ‘അമ്പിളി’യിലെ ഗാനങ്ങള്‍ക്ക് വരികളെഴുതാന്‍ കട്ടപ്പനയിലെത്തിയ വിനായകിനോട്, ജോണ്‍പോള്‍ ആദ്യം പറഞ്ഞത് ഇതാണ്. ‘ഗപ്പി’യിലെ മിഴികള്‍ നിറച്ച വരികളെഴുതിയ വിനായക് ശശികുമാറിനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയതും ആ പാട്ടാണ്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ വര്‍ഷം ഹിറ്റായ സിനിമകളിലൊക്കെ തന്നെ വിനായ്കിന്‍റെ പാട്ടുകളുണ്ട്.

 

“പ്രേക്ഷകരുടെ പ്രതീക്ഷയെക്കുറിച്ച് നല്ല ബോധ്യമുണ്ട് ‘ഗപ്പി’ ടീമിന്. അതിന്‍റെ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പിന്നെ ജോണ്‍പോളും വിഷ്ണു വിജയും തലയാട്ടിയാല്‍, പ്രേക്ഷകര്‍ അതേറ്റെടുക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ലായിരുന്നു,” പാട്ട് വന്ന വഴികളെക്കുറിച്ച് വിനായക് ഓര്‍ത്തത്‌ ഇങ്ങനെ.

“എഴുതിയ വരികളില്‍ 80 ശതമാനം വരികളും ജോണ്‍പോളിന് ഇഷ്ടപ്പെട്ടു. ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടി വന്നത്. സിനിമ കാണുന്ന രീതിയില്‍ തന്നെ കഥ പറഞ്ഞ് തരുന്ന ജോണ്‍ പോളിന്‍റെ ശൈലിയും സഹായിച്ചു. ട്യൂണ്‍ ചെയ്തതിനു ശേഷമാണ് വരികളെഴുതിയത്,” മനസ്സില്‍ ആ താളമുണ്ടായിരുന്നത് കൊണ്ട് ചേരുന്ന, ലളിതമായ പദങ്ങളുപയോഗിച്ച് കവിതാംശം ചോരാതെയാണ് അമ്പിളിയിലെ ഗാനങ്ങളെഴുതിയതെന്നും, സിനിമയിലെ ഗാനങ്ങളില്‍ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കുന്നത് ‘ആരാധികേ…’ ആണെന്നും പറയാന്‍ മറന്നില്ല വിനായക്. പവിഴമഴ പോലെ പെയ്യുന്ന വരികള്‍ മലയാളികള്‍ക്കായ് എഴുതുന്നതിന്‍റെ തിരക്കിലാണ് വിനായക് ശശികുമാര്‍ എന്ന ഇരുപത്തഞ്ചുകാരന്‍.

കേട്ട് ശീലിച്ച ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായത് കൊണ്ടു വരാനുള്ള ടീമിന്‍റെ ശ്രമമാണ്, മധുവന്തി നാരായണനിലേക്കും സൂരജ് സന്തോഷിലേക്കുമെത്തിയത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മധുവന്തിക്ക് ഗുരുസ്ഥാനത്ത് അച്ഛന്‍ രമേശ് നാരായണനാണ്. ‘ഗപ്പി’യിലെ ടൈറ്റില്‍ സോങ്ങും, ‘തനിയെ മിഴികള്‍’‌ എന്ന പാട്ടിലും മധുവന്തിയുടെ ശബ്ദം നമ്മള്‍ കേട്ടതാണ്. പക്ഷേ, ദിവസങ്ങള്‍ക്കുള്ളിലെ ‘ആരാധികേ….’ എന്ന പാട്ടിലെ പെണ്‍ശബ്ദത്തെ തിരിച്ചറിഞ്ഞ് അഭിനന്ദനങ്ങളെത്തി തുടങ്ങി.

“ഗപ്പിയില്‍ ശ്രദ്ധിക്കപ്പെടാഞ്ഞപ്പോഴുണ്ടായ ചെറിയ വിഷമമൊക്കെ ഇപ്പോ പോയ്. അത്രയേറെ നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്,” മധുവന്തി നാരായണന്‍ വെളിപ്പെടുത്തി. ഹിന്ദുസ്ഥാനി ആല്‍ബങ്ങളും ഭര്‍ത്താവ് വിഷ്ണു വിജയിയോടൊപ്പം ചേര്‍ന്ന് പല പ്രോജക്ടകളുമായ് ചെന്നൈയില്‍ തിരക്കിലാണ് മധുവന്തി നാരായണന്‍.

Image may contain: one or more people, people on stage and indoor
Sooraj Santosh

പാട്ട് ഇത്ര പെട്ടെന്ന് ഹിറ്റായതിന്‍റെ സന്തോഷത്തിലാണ് ഗായകന്‍ സൂരജ് സന്തോഷും.

“ചെറുപ്പം മുതലുള്ള കൂട്ടുകാരാണ് ഞാനും ജോണ്‍പോളും വിഷ്ണുവുമൊക്കെ. ആ കൂട്ടുകെട്ടിന്‍റെ ബലവും ഈ പാട്ടിനുണ്ട്. പിന്നെ വിഷ്ണുവിന്‍റെ സംഗീതവും വിനായകന്‍റെ മനോഹരമായ വരികളും എന്‍റെ ഭാഗം നന്നായ് ചെയ്യാന്‍ സഹായിച്ചു. ശരിക്കും, ഇങ്ങനൊരു പാട്ടൊരുക്കിയതിന് അവര്‍ക്കാണ് ഞാന്‍ ക്രെഡിറ്റ് നല്‍കുക,” സൂരജ് പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ ഏറെ ആരാധകരുള്ളതാണ് സൂരജിന്‍റെ ശബ്ദത്തിന്. സൂരജിന്‍റെ ഒരു വരി കേട്ടാല്‍ പാട്ട് മുഴുവന്‍ കേള്‍ക്കാതെ പോകാന്‍ കഴിയില്ല, അത്ര ഹൃദയത്തില്‍ തൊടുന്ന രീതിയിലാണ് സൂരജ് പാടുന്നത്. ‘ഗപ്പി’യിലെ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം സൂരജിന് ലഭിക്കുന്നതിന് എത്രയോ മുന്‍‌പ് മൊബൈല്‍ ഫോണിന്‍റെ റിങ് ടോണും ഡയലര്‍ ടോണുമാക്കെയായ് സൂരജിനെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയിരുന്നു ആരാധകര്‍. ‘ആരാധികേ…’ വന്നതോടെ ഇനി അവര്‍ക്ക് പുതിയ പാട്ടിലേക്ക് മാറാം.

 

‘അമ്പിളി’യിലെ ‘ജാക്സണല്ലടാ…’എന്ന ഗാനമാണ് ആദ്യമിറങ്ങിയത്. ‘ആരാധിക’യാണ് ആദ്യം പുറത്തിറക്കാനിരുന്നതെങ്കിലും, ടീസറിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈ പാട്ടായത് കൊണ്ടാണ് പിന്നെ തീരുമാനം മാറ്റിയത്. ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. മധുവന്തി നാരായണനും സൂരജ് സന്തോഷിനും പുറമെ ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍ എന്നിവരാണ് മറ്റ് ഗായകര്‍. സിനിമയുടെ കഥ കൂടുതല്‍ വെളിപ്പടുത്താനാകാത്തതിനാലാണ് മറ്റ് ഗാനങ്ങള്‍ പുറത്തു വിടാന്‍ വൈകുന്നത്.

റിലീസിങ്ങ് തീയതിയോടടുത്ത് ബാക്കി ഗാനങ്ങളും പുറത്തു വിടാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സൌബിനെ ഒരു റൊമാന്‍റിക് ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാനായതും പ്രേക്ഷകരുടെ കൈയ്യടി കൂട്ടിയിട്ടുണ്ട്. ‘ഗപ്പി’ ടീം നിരാശപ്പെടുത്തില്ലെന്ന ഉറപ്പിലാണ് ഇവരൊക്കെയെന്ന് മനസ്സിലാക്കാന്‍ ‘അമ്പിളി’ സിനിമയുടെ ടീസറിനും പാട്ടുകള്‍ക്കും താഴെയുളള കമന്‍റുകള്‍ വായിച്ചാല്‍ മതി.

Read More: ‘അമ്പിളി’ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ, ആടിയും പാടിയും സൗബിൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Soubin shahir ambili song aaradhike njan jackson allada