തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സൂര്‍മ’യില്‍ ഒരു ഹോക്കി താരത്തിന്റെ വേഷമാണ് തപ്‌സി പന്നുവിന്. രാജ്യാന്തര ഹോക്കി പ്ലെയര്‍ സന്ദീപ്‌ സിങ്ങിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ്‌ ‘സൂര്‍മ’. 2006ല്‍ സംഭവിച്ച ഒരു വെടിവയ്‌പ് അപകടത്തില്‍ രണ്ടു വര്‍ഷത്തോളം തളര്‍ന്നു കിടപ്പിലാവുകയും പിന്നീട് വീല്‍ ചെയറിലേക്ക് മാറുകയും ചെയ്‌ത കായിക താരമാണ് സന്ദീപ്‌ സിങ്. അദ്ദേഹത്തിന്റെ തിരച്ചു വരവ് പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ‘The Greatest Comeback Story of the Hockey Legend Sandeep Singh’ എന്നാണ്. 2008ലാണ് രാജ്യാന്തര ഹോക്കിയിലേക്ക് സന്ദീപ്‌ സിങ് തിരിച്ചു വരുന്നത്. 2009ല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സുല്‍ത്താന്‍ അസ്‌ലാന്‍ ഷാ കപ്പ് നേടുകയും പിന്നീട് 2012 ഒളിംപിക്‌സിലേക്ക് ക്വാളിഫൈ ചെയ്യപ്പെടുകയും ചെയ്‌തു.

ജൂലൈ 13ന് റിലീസ് ചെയ്യുന്ന ‘സൂര്‍മ’യിലെ ഹര്‍പ്രീത് എന്ന ഹോക്കി കളിക്കാരിയായ തന്റെ കഥാപാത്രത്തെക്കുറിച്ച് നായിക തപ്‌സി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ചു.

“സിനിമാ താരങ്ങളല്ല, സ്‌പോര്‍ട്സ് താരങ്ങളാണ് ആരാധിക്കപ്പെടേണ്ടവര്‍ എന്ന് ഞാന്‍ കരുതുന്നു. കാരണം അവരാണ് ശരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്, അതുകൊണ്ട് തന്നെ അവര്‍ വേറിട്ട്‌ നില്‍ക്കുന്നവരാണ്. എനിക്ക് ഒരിക്കലും അവരില്‍ ഒരാളാവാന്‍ സാധിക്കില്ല, അത്രയ്‌ക്ക് ആത്മവിശ്വാസമുള്ളവരാണ് അവര്‍. സ്വയം നീന്തി കയറി ഉന്നതങ്ങളില്‍ എത്തിയവരും.”, തപ്‌സി വെളിപ്പെടുത്തി.

ഏറ്റവുമൊടുവില്‍ ‘നീതിശാസ്ത്ര’ എന്ന ഹ്രസ്വ ചിത്രത്തിലാണ് തപ്‌സിയെ കണ്ടത്. ‘സൂര്‍മ’ കൂടാതെ അഭിഷേക് ബച്ചനോടൊപ്പം ‘മന്‍മര്‍സിയാം’, പ്രതീക് ബബ്ബറിനോപ്പം ‘മുല്‍ക്ക്’, തെലുങ്ക്‌ ചിത്രം ‘നീവേവരോ’, എന്നിങ്ങനെ ഒരു പിടി ചിത്രങ്ങളുടെ തിരക്കിലാണ് തപ്‌സി. അതിനിടയില്‍ ‘നീതിശാസ്ത്ര’യിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തപ്‌സി ഇങ്ങനെ പറയുന്നു.

“ഒരു ഹ്രസ്വ ചിത്രം ചെയ്യാനുള്ള മൂഡില്‍ ആയിരുന്നില്ല ഞാന്‍. കാരണം ഫീച്ചര്‍ ഫിലിം തിരക്കുകള്‍ തന്നെ. ‘നാം ശബാന’ ‘ജൂഡ്‌വാ 2’ എന്നീ ചിത്രങ്ങളില്‍ എന്നോടൊപ്പം ജോലി ചെയ്‌ത കപില്‍ ഈ ആശയം മുന്നോട്ട് വച്ചപ്പോള്‍ ആദ്യം പറഞ്ഞത് വെറുതെ ഒന്ന് കേള്‍ക്കൂ എന്നാണ്. എന്നാല്‍ പറഞ്ഞു കേട്ടപ്പോള്‍ ‘പിങ്ക്’, ‘നാം ശബാന’ എന്നിവയുടെ ഒരു നല്ല മിശ്രണമായി തോന്നി ആ ആശയം. രണ്ടു ചിത്രങ്ങളും എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ടവയാണ്. അപ്പോള്‍ ഞാന്‍ ഓര്‍ത്തു, ഞാന്‍ അല്ലെങ്കില്‍ ഇതാര് ചെയ്യും? എന്റെ സെന്‍സിബിലിറ്റിയ്‌ക്ക് നന്നായി ചേര്‍ന്നതാണ് ഇത്, തിരക്കഥ എഴുതപ്പെട്ട രീതി പ്രത്യേകിച്ചും. ആശയവും, കഥാതന്തുവുമെല്ലാം മനോഹരം. അപ്പോള്‍ തന്നെ ഞാന്‍ ചെയ്യാം എന്ന് തീരുമാനിച്ചു.”

 

കുറച്ചു നാളുകള്‍ക്കു മുന്‍പ് സിനിമാ മേഖലയിലെ ചില മോശം പ്രവണതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു  തപ്‌സി.

എംബിഎയ്‌ക്ക് ചേരാനിരുന്ന സമയത്താണ് തപ്‌സി സിനിമയിലെത്തുന്നത്. പക്ഷേ ആദ്യ മൂന്ന് ചിത്രങ്ങളും വിജയിക്കാതെ വന്നതോടെ ഭാഗ്യമില്ലാത്ത നടിയെന്ന പേര് തനിക്ക് വീണുവെന്ന് തപ്‌സി പറയുന്നു. വലിയ നായകന്മാരും സംവിധായകരുമെല്ലാം ഉണ്ടായിട്ടും ചിത്രം പരാജയപ്പെട്ടത് താൻ കാരണമാണെന്ന് കുറ്റപ്പെടുത്തി. സിനിമയിൽ മറ്റുളളവർക്ക് നൽകുന്ന ശമ്പളവും തനിക്ക് ഈ കാരണങ്ങൾ കിട്ടാതായെന്നും നടി പറഞ്ഞു.

കൂടുതല്‍ വായിക്കാം: സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തപ്‌സി പന്നു

തപ്‌സി പന്നു

‘പിങ്ക്’ എന്ന ചിത്രത്തിനു മുൻപു വരെ ഇതായിരുന്നു തന്റെ അവസ്ഥയെന്നും തന്റെ ശമ്പളം കുറയ്‌ക്കാൻ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും തപ്‌സി വെളിപ്പെടുത്തി. താൻ ഒരു എ-ലിസ്റ്റ് നായിക (മുൻനിര നായിക) അല്ലാത്തതുകൊണ്ട് പല നടന്മാരും തനിക്കൊപ്പം ജോലി ചെയ്യാൻ മടിച്ചുവെന്നും നടി പറയുന്നു. സിനിമയ്‌ക്കായി ഡേറ്റ് വരെ തീരുമാനിച്ച ശേഷം പോലും അവസാന നിമിഷം തന്നെ തട്ടി മാറ്റിയിട്ടുണ്ടെന്നും തപ്‌സി കുറ്റപ്പെടുത്തി. അടിസ്ഥാന ശമ്പളത്തിനായി പോലും തനിക്ക് വാദിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ താൻ പരാതിപ്പെടുകയല്ലെന്നും നടി പറഞ്ഞു.

അഭിനയത്തോടുളള ഇഷ്‌ടം കൊണ്ടാണ് താൻ ഇവിടെ നിൽക്കുന്നതെന്നും താൻ ഗ്ലാമറസ് അല്ലെങ്കിൽ പോലും തന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ