X

സൂര്യയല്ല, ‘സൂരി’: നായകന്മാരെ നാണിപ്പിച്ച് ഹാസ്യതാരത്തിന്റെ സിക്സ് പാക്ക്

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഹാസ്യതാരം ചിത്രത്തിനായി സിക്സ് പാക്കില്‍ പ്രത്യേക്ഷപ്പെടുന്നത്

ശിവകാര്‍ത്തികേയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രമാണ് ‘സീമരാജ’. ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിനു ശേഷം ശിവയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ കൂടിയാണിത്. വിനായക ചതുര്‍ത്ഥി ദിനമായ നാളെയാണ് ശിവയുടെ ‘സീമരാജ’ റിലീസ് ചെയ്യുന്നത്. ലോകത്താകമാനം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 5 മണിക്കാണ്. ചിത്രത്തിന്റെ റീലിസിന്റെ ഭാഗമായി ശിവകാര്‍ത്തികേയന്‍ പുറത്തിറക്കിയ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹാസ്യതാരമായ സൂരിയുടെ സിക്സ് പാക്കാണ് ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഹാസ്യതാരം ചിത്രത്തിനായി സിക്സ് പാക്കില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തെലുഗ് ഹാസ്യതാരമായ സുനില്‍ ഇത്തരത്തില്‍ സിക്സ് പാക്കുമായി സിനിമയില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. എന്നാല്‍ അമിതമായ ഗ്രാഫിക്സുകള്‍ കാരണം അദ്ദേഹത്തിന്റെ മേക്കോവറിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാല്‍ 3 വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം നേടിയെടുത്ത ശരീരപ്രകൃതിയാണ് അതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സൂരിയുടെ കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്. മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ ഒരു പാട്ടിന്റെ മേക്കിങ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

‘ഇരുമ്പുതിരൈ’ എന്ന ചിത്രത്തിനു ശേഷം സാമന്ത തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണ് സീമരാജ. നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍, മനോബാല, യോഗി ബാബു, സതീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

Show comments
Next