വളളീം തെറ്റി പുളളീം തെറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സൂരജ് എസ്.കുറുപ്പ് എന്ന സംഗീത സംവിധായകന് സംഗീതത്തോട് എന്നും ഭ്രമമായിരുന്നു. സംഗീതം മാത്രമല്ല, സിനിമയും സൂരജിന്റെ സ്വപ്‌നമായിരുന്നു. സംഗീത സംവിധായകനായി തുടങ്ങിയ സൂരജിന്റെ സിനിമാ ജീവിതം പിന്നീട് ഗായകനും ഗാനരചയിതാവുമായി വളര്‍ന്നു. നിവിന്‍ പോളി നായകനായ സഖാവ് എന്ന സിദ്ധാര്‍ഥ് ശിവ ചിത്രത്തിലൂടെ ഇപ്പോള്‍ അഭിനയ രംഗത്തേക്കും കടന്നിരിക്കുകയാണ് സൂരജ്. കോട്ടയംകാരനായ സൂരജ് സഖാവ് രാജീവായപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു…
ഒരു ദിവസം കൊണ്ട് സഖാവ് രാജീവായി
വളരെ അപ്രതീക്ഷിതമായിട്ടാണ് സഖാവില്‍ അഭിനയിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസാണ് വിളിച്ച് എന്നോട് കോട്ടയത്തെ സെറ്റിലെത്താന്‍ പറഞ്ഞത്. പക്ഷേ അപ്പോഴും ഇങ്ങനെ ഒരു വേഷത്തിനാണെന്ന് അറിയില്ലായിരുന്നു. അവിടെ എത്തിയപ്പോള്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും ക്യാമാറാമാനും കൂടെ സംസാരിച്ചു നില്‍ക്കുന്നു. എന്നോട് പോയി ഷര്‍ട്ടിന്റെ അളവ് കൊടുത്തിട്ട് വരാന്‍ പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോഴാണ് സഖാവ് രാജീവ് ആകാനാണെന്ന് പറഞ്ഞത്.
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണെന്നും വിശ്വസിച്ച് ഏല്‍പിക്കുകയാണെന്നുമാണ് സിദ്ധാര്‍ഥ് ചേട്ടന്‍ പറഞ്ഞത്. നന്നായിട്ട് ചെയ്യണമെന്നും പറഞ്ഞു. പിറ്റേന്നു തന്നെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. എനിക്ക് മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുളളൂ. പക്ഷേ സെറ്റില്‍ കുറേ പേരെയെല്ലാം അറിയാവുന്നതു കൊണ്ട് കംഫര്‍ട്ടബിള്‍ ആയിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ഈ റോള്‍ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിനീതിന് തിരക്കായതിനാൽ അദ്ദേഹത്തിന് പകരം എന്നെ ആലോചിക്കുകയായിരുന്നു.
കോളജ് കാലത്തെ അഭിനയം
കോളജില്‍ പഠിക്കുന്ന സമയത്ത് ഡ്രാമ ഫെസ്റ്റിലും പിന്നെ കൂട്ടുകാർക്കൊപ്പം ചെയ്ത ചെറിയ ക്യാംപസ് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ച പരിചയം മാത്രമേ ഉണ്ടായിരുന്നുളളൂ. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ സമയത്ത് ചാക്കോച്ചന്‍ പറഞ്ഞ് സിദ്ധാര്‍ഥ് ചേട്ടന് ഇക്കാര്യം അറിയാമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു അദ്ദേഹം റിസ്‌ക് എടുത്തത്! കോളജില്‍ പഠിക്കുമ്പോള്‍ അഭിനയം ഇഷ്ടമായിരുന്നെങ്കിലും പിന്നീട് പാട്ടിലേക്ക് തിരിഞ്ഞതോടെ അതില്‍ മാത്രമായിരുന്നു ശ്രദ്ധ.
ആദ്യ സീന്‍, കട്ട ഡയലോഗ്
ആദ്യത്തെ സീന്‍ തന്നെ വലിയതായിരുന്നു. നിര്‍ത്താതെ വലിയ ഡയലോഗുകള്‍ പറയേണ്ട ഒന്ന്. ഹെവി സീനായിരുന്നെങ്കിലും വലിയ പ്രശ്‌നമൊന്നും ഇല്ലാതെ എടുക്കാന്‍ കഴിഞ്ഞു. നിവിന്‍ പോളി നല്ല പിന്തുണയാണ് നല്‍കിയത്.
ആരോടും പറഞ്ഞില്ല
ആദ്യമായി ചെയ്യുന്നതുകൊണ്ട് എങ്ങനെയാകും എന്ന പേടിയുണ്ടായിരുന്നു. അഭിനയം നന്നാകുമോ കുളമാകുമോ എന്നറിയാത്തതുകൊണ്ട് അടുത്ത സുഹൃത്തുക്കളോട് പോലും ഇക്കാര്യം പറഞ്ഞില്ല. സിനിമ റിലീസായി കഴിഞ്ഞിട്ടാണ് അവരെല്ലാം അറിയുന്നത്. സ്വയം ബോധ്യക്കുറവുണ്ടായിരുന്നതുകൊണ്ടാണ് പറയാതിരുന്നത്. പക്ഷേ സിനിമ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷവും സുഖവും തോന്നി. സിനിമയില്‍ നിന്നും പിന്നെ സുഹൃത്തുക്കളുമെല്ലാം വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് സമാധാനമായത്. ഇനിയും നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യണമെന്നുണ്ട്.
വിപ്ലവം വരികളില്‍
എനിക്ക് പണ്ടു മുതലേ ഇഷ്ടമുളള സംഗീത സംവിധായകനാണ് പ്രശാന്ത് പിളള. അദ്ദേഹത്തിനു വേണ്ടി പാട്ടെഴുതാന്‍ പറഞ്ഞപ്പോള്‍ ചെറിയ സംശയമുണ്ടായിരുന്നു ഇഷ്ടപ്പെടുമോയെന്ന്. പക്ഷേ സിദ്ധാര്‍ഥ് ചേട്ടനും പ്രശാന്ത് ചേട്ടനും വിശ്വാസമായിരുന്നു. ഡബ്ബിങ്ങിന് ചെന്നപ്പോഴാണ് ഒരു പാട്ട് എഴുതണമെന്നും വിപ്ലവ ഗാനമാണെന്നും പറയുന്നത്. രണ്ടു ദിവസം കൊണ്ട് എഴുതികൊടുത്തു. അവര്‍ക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ചെറിയ തിരുത്തുകളേ ഉണ്ടായിരുന്നുളളൂ.
കോളജിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം
കോട്ടയം സിഎംഎസ് കോളജിലാണ് ഞാന്‍ പഠിച്ചത്. ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെല്ലാം പങ്കാളിയായിരുന്നു. സംഘര്‍ഷഭരിത കലാലയത്തില്‍ പഠിച്ചതുകൊണ്ട് അതിന്റെ ഒരു ഫീല്‍ അറിയാമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസും ഞാനും എല്ലാം ഒന്നിച്ച് പഠിച്ചവരാണ്.
ആദ്യമായി തമിഴില്‍
ആദ്യമായി ഒരു തമിഴ് ചിത്രം ചെയ്തതിന്റെ സന്തോഷത്തിലാണ്. വണ്ടി എന്ന രജീഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് ഗാനങ്ങളും പിന്നണി ഗാനവുമാണ് ചെയ്യുന്നത്. മൈനയിലെ നായകന്‍ വിദ്ധാര്‍ഥാണ് വണ്ടിയിലെ നായകന്‍.
പാട്ട് വിടില്ല
ഒരുപാട് ആഗ്രഹിച്ചാണ് ആദ്യത്തെ സിനിമ ചെയ്തത്. വളളീം തെറ്റി പുളളീം തെറ്റി ചെയ്യുന്നതുവരെ നിലനില്പിനായുളള ഓട്ടമായിരുന്നു. ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നാണ് സിനിമ എന്ന ആഗ്രഹത്തിലേക്കെത്തിയത്. സംഗീതം എന്നും എന്റെ കൂടെയുളളതാണ്. അതു വിട്ടുകളയില്ല ഒരിക്കലും.