പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പപ്രോഡക്ഷന്‍സിന്‍റെ കണ്ണി സംരംഭമായ ‘9’ ചിത്രീകരണം പുരോഗമിക്കുന്നു. സോണി പിക്ചേര്‍സുമായി ചേര്‍ന്നാണ് ജനൂസ് മൊഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റുഡിയോ ഭീമന്മാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സോണി പിക്ചേര്‍സിന്‍റെ മലയാളത്തിലെ ആദ്യ സംരഭമാണ് ‘9’. സോണിയുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ട് എന്നും അത് തനിക്കു വലിയ സന്തോഷവും ധൈര്യവും പകരുന്നു എന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വി തന്നെയായിരിക്കും. മറ്റു അഭിനേതാക്കളുടെ പേരുകള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല. ചിത്രം ഒരു സയന്‍സ് ത്രില്ലെര്‍ ആയിരിക്കും എന്നും പൃഥ്വി ഇതിലൊരു ശാസ്ത്രജ്ഞന്‍റെ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏപ്രില്‍ ഒന്‍പതിന് ആരംഭിച്ച ചിത്രത്തിന്‍റെ പൂജ നിര്‍വ്വഹിച്ചത്‌ പൃഥ്വിയുടെ ഡ്രൈവര്‍ രാജന്‍, മേക്കപ്പ് മാന്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്. ഇരുവരും കുട്ടിക്കാലം മുതലേ പൃഥ്വിയെ അറിയുന്നവരും കുടുംബവുമായി വലിയ അടുപ്പമുള്ളവരുമാണ്. പൊതുവില്‍ വലിയ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ഒരു ചടങ്ങാണ് ഒരു ചിത്രത്തിന്‍റെ പൂജ. ചിത്രത്തിന്‍റെ പബ്ലിസിറ്റി ആരംഭിക്കുന്നതും അവിടം മുതലാണ്‌ എന്നത് കൊണ്ട് പൂജ എന്ന ചടങ്ങിനു വലിയ പ്രസക്തിയുണ്ട്. എന്നാല്‍ തന്‍റെ ജോലിയില്‍ തനിക്കേറ്റവും വേണ്ടപ്പെട്ടവരെക്കൊണ്ട് പൂജ നടത്തിച്ചു മലയാള സിനിമയ്ക്ക് വീണ്ടും മാതൃകയാവുകയാണ് പൃഥ്വിരാജ്.

സോണിയുടെ മലയാളത്തിലേക്കുള്ള വരവ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്ന് പൃഥ്വിരാജ് മുന്‍പ് പ്രൊജക്റ്റ്‌ പരിചയപ്പെടുത്തവേ അഭിപ്രായപ്പെത്തിരുന്നു. മലയാള സിനിമയിലേക്ക് സോണി പിക്ചേഴ്സിനെ കൊണ്ടുവരാൻ കഴിഞ്ഞതിൽ താനും ഭാര്യയും ബിസിനസ്‌ പങ്കാളിയുമായ സുപ്രിയയും അഭിമാനിക്കുന്നതായും പൃഥ്വി പറഞ്ഞു. ലോകത്തെ തന്നെ വലിയ സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സോണി ഈ വർഷം ഹിന്ദിയിൽ ‘പാഡ്‌മാൻ’ എന്ന സിനിമ നിർമ്മിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ