നെഗറ്റീവ് റോളുകളിലും സ്വഭാവ റോളുകളിലും തിളങ്ങുന്ന, ‘അരുന്ധതി’യിലെ വില്ലൻ പശുപതിയായെത്തി അവാർഡുകൾ വാങ്ങി കൂട്ടിയ സോനു സൂദിന് ഡോക്ടറേറ്റ്. ദ്രുതഗതിയിലുള്ള തൊഴി വിദ്യകൾക്ക് പേരു കേട്ട കൊറിയൻ ആയോധനകലയായ തായ്ക്വോന്ദൊയിലാണ് താരം ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.
തായ്ക്വൊന്ദൊ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് തായ്ക്വൊന്ദൊയ്ക്ക് സോനു നൽകിയ മഹത്തായ സംഭാവനകളും പിന്തുണയും പരിഗണിച്ച് താരത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. 107-ാമത് രാജ്യാന്തര ക്യോരുഗി റെഫെറീ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ, തായ്ക്വൊന്ദൊ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രഭാത് ശർമയുടെ സാന്നിധ്യത്തിൽ സോനു ആദരം ഏറ്റുവാങ്ങി.
Read in English: Sonu Sood honoured with Doctorate Degree of Taekwondo
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഏറെ ശ്രദ്ധേയനായ ബോളിവുഡ് നടനാണ് 45 വയസ്സുകാരനായ സോനു സൂദ്. “ആരോഗ്യവാന്മാരായ നിങ്ങളെയെല്ലാം ഇങ്ങനെ ഒന്നിച്ച് കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. രാജ്യത്തെ എല്ലാ തായ്ക്വോന്ദൊ വിദഗ്ധരെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന സംഘാടകർക്കും തായ്ക്വൊന്ദൊ ഫെഡറേഷനും നന്ദി”, എന്നായിരുന്നു ആദരം ഏറ്റുവാങ്ങിയ സോനുവിന്റെ പ്രതികരണം.
രോഹിത് ഷെട്ടിയുടെ ‘സിംമ്പ’യാണ് സോനുവിന്റെ അടുത്ത ചിത്രം. രണ്‍വീര്‍ സിങ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന് നായികയായെത്തുന്നു. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ‘ടെമ്പര്‍’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ‘സിംമ്പ’.