ലോക്ക്‌ഡൗൺ കാലത്ത് പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കെത്തിയ തൊഴിലാളികൾ. പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന, വീടെത്താൻ ആഗ്രഹിക്കുന്ന ഒരുപറ്റം തൊഴിലാളികൾക്കായി സഹായഹസ്തം നീട്ടുകയാണ് ബോളിവുഡ് താരം സോനു സൂദ്. മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലെ ഗുൽബർഗയിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ബസ് സർവീസുകൾ സംഘടിപ്പിച്ചിരിക്കുകയാണ് താരം. ഉത്തർപ്രദേശ് സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ബസ് സർവ്വീസുകൾ സോനു സൂദ് ഒരുക്കിയത്. തൊഴിലാളികൾക്കായി ഒന്നിലധികം ബസ് സർവീസുകൾ സോനു സംഘടിപ്പിച്ചിരുന്നു.

രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം വ്യക്തമാക്കി.

“ഈ കുടിയേറ്റക്കാർ വീടുകളിലേക്ക് മടങ്ങാനാവാതെ തെരുവുകളിൽ കഴിയുന്നത് വേദനാജനകമായ കാഴ്ചയാണ്. അവസാന കുടിയേറ്റക്കാരനും തന്റെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ഒന്നിക്കുന്നതുവരെ ഞാൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് അയക്കുന്നത് തുടരും. ഇത് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്, അതിനായി ഞാൻ എല്ലാം നൽകും, ” നാൽപ്പത്തിയാറുകാരനായ സോനു സൂദ് പ്രസ്താവനയിൽ പറഞ്ഞു.

താരം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾക്ക് അനുസരിച്ച് വഡാല, ലഖ്‌നൗ, ഹാർദോയ്, പ്രതാപ്ഗഡ്, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിൽ നിന്നും ഗുൽബർഗയിലേക്കും ഛാർഖണ്ഡ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുും ഒന്നിലധികം ബസുകൾ പുറപ്പെട്ടിരുന്നു. മാർച്ച് 25 ന് ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ നഗരത്തിൽ കുടുങ്ങിയ തൊഴിലാളികളെ നാടുകളിലേക്ക് യാത്ര ആക്കാനായി താരവും എത്തിയിരുന്നു.

മുൻപ് പഞ്ചാബിലെ ഡോക്ടർമാർക്ക് 1500 പിപിഇ കിറ്റുകളും ആരോഗ്യമേഖലയിലെ ജോലിക്കാരുടെ താമസത്തിനായി തന്റെ മുംബൈ ഹോട്ടലിൽ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. പുണ്യ റംസാൻ മാസത്തിൽ ഭിവന്ദി പ്രദേശത്തെ കുടിയേറ്റക്കാർക്കും ആയിരക്കണക്കിന് നിരാലംബരായ ആളുകൾക്കും താരം ഭക്ഷണം നൽകുകയും ചെയ്തു.

Read more: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള താരപുത്രിയെ മനസിലായോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook