മുംബൈ: മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് വിവാദത്തില്‍പെട്ട ബോളിവുഡ് ഗായകൻ സോനു നിഗം തന്റെ നിലപാട് വ്യക്തമാക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ബാങ്ക് വിളി അടക്കമുള്ള മതകാര്യങ്ങളാണ് പ്രധാനമെന്നും ലൗഡ്സ്പീക്കറല്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബാര്‍ബറെ വിളിച്ചുവരുത്തി തല മൊട്ടയടിച്ചാണ് അദ്ദേഹം വീണ്ടും മാധ്യമങ്ങളെ കാണാനെത്തിയത്.

ബാങ്ക് വിളിക്കെതിരെ രംഗത്ത് വന്ന സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഫ്രഖ്യാപിച്ച ഒരു മുസ്ലിം പുരോഹിതനെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. പുരോഹിതന്‍ പ്രഖ്യാപിച്ച 10 ലക്ഷം തനിക്ക് തന്നെ നല്‍കണമെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

താനൊരു വിശ്വാസിയാണെന്നും എന്നാല്‍ തന്റെയോ നിങ്ങളുടെയോ മതമാണ് മികച്ചതെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മതേതരം എന്നതിന്റെ അര്‍ത്ഥം തന്റെ മതമാണ് മികച്ചതെന്ന് പറയുന്നതല്ലെന്നും സോനു കൂട്ടിച്ചേര്‍ത്തു.

“എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ട്. ഞാന്‍ ലൗഡ്സ്പീക്കറിനെകുറിച്ചും ഒരു സാമൂഹ്യപ്രശ്നത്തിനും എതിരാണ് സംസാരിച്ചത്. അല്ലാതെ ഒരു മതത്തിനും എതിരായല്ല. പള്ളികളിലും അമ്പലങ്ങളിലും ഗുരുദ്വാരകളിലും നടക്കുന്ന കാര്യമാണ് താന്‍ പറഞ്ഞത്. അത് മനസ്സിലാക്കാന്‍ എന്തിനിത്ര ബുദ്ധിമുട്ടെന്നും അദ്ദേഹം ചോദിച്ചു.

“ഞാനൊരു മതേതരവാദിയാണ്. ഇടതോ വലതോ ഒന്നുമല്ല. ഞാന്‍ ഉയര്‍ത്തിയത് ഒരു സാമൂഹ്യപ്രശ്നമാണ്, അല്ലാതെ മതകാര്യമല്ലെന്നും സോനു വ്യക്തമാക്കി. സോനു നിഗം പൂജയുടെ ഭാഗമമായ ജാഗ്രനില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് പാടാറില്ലെ എന്ന ചോദ്യത്തിനും ഗായകന്‍ മറുപടി പറഞ്ഞു. ” ഞാന്‍ ജാഗ്രനില്‍ പാടാറുണ്ട്. എന്നാല്‍ നിയമം അനുസരിച്ച് രാത്രി 10 മണി വരെ മാത്രമെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറുള്ളു. എവിടെ പാട്ട് പാടിയാലും നിയമം അനുസരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സോനു നിഗം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു. മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു.

ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും രംഗത്തെത്തി. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധങ്ങളായ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും ട്വിറ്റര്‍ ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിച്ചു. എന്നാല്‍ സോനു നിഗത്തെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നത് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് ഒരു മുസ്ലിം പണ്ഡിതനും സോനുവിനെതിരെ രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ