സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തോടെ ബോളിവുഡ് സിനിമാ ലോകം ഏറെ വിമർശനങ്ങൾക്ക് വിധേയമാകുകയാണ്. സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകളാണ് എവിടേയും. ഈ പശ്ചാത്തലത്തിൽ സംഗീത കമ്പനികൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ സോനു നിഗം.
അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്ളോഗിൽ പറഞ്ഞു. വലിയ ചര്‍ച്ചകള്‍ക്കാണ് സോനുവിന്റെ വെളിപ്പെടുത്തല്‍ തുടക്കം കുറിച്ചത്.
Read More: നിങ്ങളെന്നെ അപമാനിക്കുകയാണ്; ഖാൻമാരുടെ വായടപ്പിച്ച് നടൻ നീൽ
“ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടൻ മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങൾക്ക് ഇതു തന്നെ കേൾക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തിൽത്തന്നെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനായിരുന്നു. അതിനാൽ ഈ കുഴപ്പത്തിൽ നിന്ന് വളരെ നേരത്തെ തന്നെ രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞു. എന്നാൽ പുതിയ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഇവിടെ,” സോനു പറഞ്ഞു.
രണ്ട് സംഗീത കമ്പനികൾ ഇന്ത്യയിലെ സംഗീത രംഗത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് കൂടുതൽ വെളിപ്പെടുത്തിക്കൊണ്ട് സോനു പറഞ്ഞു, “നിർമ്മാതാക്കൾ, സംവിധായകർ, സംഗീതസംവിധായകർ എന്നിവർ പുതിയ പ്രതിഭകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് ഒരു സംഗീത കമ്പനിയുമായി സഖ്യമുണ്ടാകാത്തതിനാൽ, ചെയ്യാനാകുന്നില്ല. മുഴുവൻ സ്വാധീനവും രണ്ട് കമ്പനികളിലും രണ്ട് ആളുകളിലും മാത്രമാണ്. ആര് പാടണം ആര് പാടേണ്ട എന്ന് അവർ തീരുമാനിക്കുന്നു.”
“ഈ മാഫിയ അഥവാ മ്യൂസിക് ലേബലുകള്‍, ഇവരുമായി ബന്ധമുള്ള ഗായകരെയും സംഗീത സംവിധായകരെയും മാത്രമാണ് ഉപയോഗിക്കുക. മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അവരെ ഇവര്‍ ഗൗനിക്കുക പോലുമില്ല. കാലക്രമേണ ഇവര്‍ സംവിധായകരെയും നിര്‍മാതാക്കളെയും വരെ സ്വാധീനിക്കും. ഇവരുടെ ഇഷ്ടപ്രകാരമുള്ള ഗാനങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താനായി ഭീഷണിപ്പെടുത്തും. അത്തരം ഗാനങ്ങള്‍ സിനിമയില്‍ ആവശ്യമില്ലെങ്കില്‍ പോലും ഇവര്‍ക്ക് വഴങ്ങേണ്ടി വരും. രണ്ട് മ്യൂസിക് കമ്പനികളാണ് ഇതിന് പിന്നിലുള്ളത്. ആരൊക്കെ പാടണമെന്നും, വേണ്ടെന്നും ഇവരാണ് തീരുമാനിക്കുന്നത്.”
പുതുമുഖങ്ങളോട് അനുകമ്പ കാണിക്കണമെന്നും അവരെ പീഡിപ്പിക്കരുതെന്നും സംഗീത കമ്പനികളോട് സോനു നിഗം അഭ്യർത്ഥിച്ചു.
“പുതിയ പ്രതിഭകളുടെ കണ്ണിലും ശബ്ദത്തിലും ഞാൻ നിരാശ കാണാറുണ്ട്. അവർ മരിക്കുകയാണെങ്കിൽ, നിങ്ങളുടെ നേരെ വിരലുകൾ ഉയരും. ദയവായി വളർന്നു വരുന്ന കുട്ടികളെ തളർത്തരുത്. അവരുടെ ഭാഗത്തു നിന്നും ചിന്തിയ്ക്കാൻ ശ്രമിക്കൂ. അവർക്ക് നിങ്ങളുടെ സഹായവും ദയയും ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
Read More in English: Sonu Nigam: Only two companies run our music industry and decide who should sing