ഗായകൻ സോനു നിഗത്തിനെതിരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സോനു നിഗം. തിരക്കിൽപ്പെട്ട് താരത്തിന്റെ അംഗരക്ഷകർക്കും മറ്റ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. സോനു നിഗത്തിനെയും സംഘത്തെയും ആക്രമിച്ചത് എംഎൽഎയുടെ മകൻ സ്വപ്‌നിൽ ഫട്ടേർപേക്കറാണെന്നാണ് റിപ്പോർട്ടുകൾ.
സംഘഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്റ്റേജിൽ നിന്ന് ഷോ കഴിഞ്ഞിറങ്ങുന്ന സോനുവിനെയും ടീമിനെയും പിന്നിൽ നിന്ന് തള്ളുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പടികളിൽ നിന്ന് ഉരുണ്ടു വീഴുകയാണ് താരം. സോനുവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ വരുന്ന ബോഡിഗാർഡിനെയും തള്ളിമാറ്റുകയാണ് അക്രമി. ടീമംഗത്തിലെ ഒരാൾ പടികളിൽ നിന്ന് വീണ് തലയ്ക്കു പരിക്കേൽക്കുകയും ചെയ്‌തു.പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് ശേഷം സോനു നിഗം മാധ്യമങ്ങളെ കണ്ടു. സെൽഫിയെടുക്കുന്നതിന്റെ പേരിലാണ് ഈ സംഭവങ്ങളെല്ലാം നടന്നതെന്ന് സോനു പറഞ്ഞു. സെൽഫി സംസ്‌കാരത്തോട് തനിക്ക് യോജിപ്പില്ലെന്ന് സോനു കൂട്ടിച്ചേർത്തു.
“ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വരുമ്പോൾ പെട്ടെന്ന് ആരോ വന്ന് എന്റെ കയ്യിൽ പിടിച്ചു. എന്നെ രക്ഷിക്കാൻ വന്ന് ഹരിയെയും റബനിയെയും അയാൾ തള്ളി മാറ്റി. അപ്പോൾ ഞാൻ പടികളിൽ നിന്ന് താഴെ വീണു. റബനി സൈഡിലേക്കാണ് വീണത്, അവിടെ എന്തെങ്കിലും ഇരുമ്പു വടിയുണ്ടായിരുന്നെങ്കിൽ റബനി ജീവിനോടെ ഉണ്ടാവില്ലായിരുന്നു” സോനി കാര്യങ്ങൾ വിശദീകരിച്ചു.
ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ സോനു നിഗം പരാതി നൽകിയിട്ടുണ്ട്. “സെൽഫിയെടുക്കാൻ വരുമ്പോൾ അതു മൂലം സംഭവിക്കാൻ പോകുന്ന പ്രത്യഘാതങ്ങളെ കുറിച്ച് ആലോചിക്കണം, അതിനു വേണ്ടിയാണ് ഞാൻ ഈ പരാതി നൽകുന്നത്” സോനു പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കും സുഹൃത്തുക്കൾക്കും എതിരെ ഇത്തരത്തിൽ അക്രമം നടന്നിരുന്നു.സെൽഫിയെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബേസ്‌ബോള്‍ ബാറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു.