scorecardresearch
Latest News

‘ഞാന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കണം’; ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത് സോനു നിഗം വിവാദത്തില്‍

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും സോനു നിഗം

‘ഞാന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കണം’; ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത് സോനു നിഗം വിവാദത്തില്‍

മുംബൈ: മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് ബോളിവുഡ് ഗായകൻ സോനു നിഗം വിവാദത്തിൽ. വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്ന് സോനു നിഗം ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു.
മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു.

ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും രംഗത്തെത്തി. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധങ്ങളായ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും ട്വിറ്റര്‍ ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിച്ചു. എന്നാല്‍ സോനു നിഗത്തെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നത് ട്വിറ്ററില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sonu nigam goes on a twitter rant about azaan