കബാലിക്കു ശേഷം രജനീകാന്തും പാ രഞ്ജിത്തും സന്തോഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കാലായിലെ പാട്ടെത്തി. സെമ്മ വെയ്റ്റ് എന്ന തകര്‍പ്പന്‍ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അരുണ്‍രാജ കാമരാജ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഹരിഹരസുതനും ചേര്‍ന്നാണ്.

കറുപ്പണിഞ്ഞ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കരികാലനായാണ് രജനി എത്തുന്നത്. ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നത് എന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഈ സിനിമ ഹാജി മസ്താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലായില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ആദ്യമായാണ് രജനിയും ധനുഷും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മെയ് ഒൻപതിന് നടക്കുമെന്ന് കഴിഞ്ഞദിവസം ധനുഷ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തന്റെ പതിവ് മെഡിക്കല്‍ ചെക്കപ്പിനായി അമേരിക്കയിലേക്കു പോയ രജനി തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ഏപ്രില്‍ 27നായിരുന്നു കാല റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ സിനിമാ സമരം മൂലം റിലീസ് നീളുകയായിരുന്നു. പുതിയ വിവരപ്രകാരം ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ