മലയാളിയായ ആദിവാസി യുവാവ് നായകനാകുന്ന ആദ്യ മലയാള സിനിമ ഉടലാഴത്തിലെ പാട്ടെത്തി. പുഷ്പവതിയും ജ്യോത്സനയും ചേര്‍ന്നാലപിച്ച ‘പൂമാതെ പൊന്നമ്മ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗായിക സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജുമാണ്.

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച മണിയാണ് ചിത്രത്തിലെ നായകന്‍. 2006ലാണ് രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഫോട്ടോഗ്രാഫര്‍ പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയിലൂടെ മികച്ച ബാലനടനുളള സംസ്ഥാന അവാര്‍ഡ് മണി നേടിയിരുന്നു. മണിക്ക് പുറമെ. രമ്യ രാജ്, ജോയ് മാത്യു, ഇന്ദ്രന്‍സ്, അനുമോള്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍ സജീഷ് എം, ഡോക്ടര്‍ മനോജ് കെ.ടി, ഡോക്ടര്‍ രാജേഷ് കുമാര്‍ എം.പി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ആദിവാസിയായ ട്രാന്‍സ് ജെന്‍ഡറാണ് ”ഉടലാഴത്തി”ലെ നായക കഥാപാത്രം. ആ കഥാപാത്രത്തിന്രെ ജീവിത വ്യഥകളാണ് സിനിമ ചിത്രീകരിക്കുന്നത്. തന്റെ ഉളളിലെ തന്നെ തിരിച്ചറിയുന്ന കഥാപാത്രം കടന്നുപോകുന്ന നാളുകളാണിത്. സ്വയം തിരച്ചറിയുന്ന ഒരാളോട്, തങ്ങളുടെ കാലഹരണപ്പെട്ട സദാചാരസംഹിതകളില്‍ പെട്ടുഴലുന്ന പൊതുസമൂഹം സ്വീകരിക്കുന്ന സമീപനങ്ങളുടെ യഥാതഥ ചിത്രീകരണം കൂടിയാണ് ഈ സിനിമയെന്ന് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ