ജീവിതത്തിൽ ഏറ്റവും മഹത്തരമായൊരു പാഠം തന്നെ പഠിപ്പിച്ച അച്ഛൻ അനിൽ കപൂറിന് നന്ദി പറയുകയാണ് സോനം കപൂർ. ഇപ്പോഴും അച്ഛൻ അനിൽ കപൂറിന്റെ ഉപദേശങ്ങൾക്ക് ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന സോനം, കേൾക്കുക എന്ന പ്രവർത്തിയുടെ പ്രാധാന്യത്തെ കുറിച്ച് തന്നെയും സഹോദരിയേയും അച്ഛൻ പഠിപ്പിച്ച പാഠങ്ങൾക്ക് നന്ദി പറഞ്ഞു. അച്ഛൻ അനിൽ കപൂറിനും സഹോദരി റിയ കപൂറിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
“ജിജ്ഞാസയോടെ കേൾക്കുക. സത്യസന്ധമായി സംസാരിക്കുക. ആർജ്ജവത്തോടെ പ്രവർത്തിക്കുക. ആശയവിനിമയത്തിലെ ഏറ്റവും വലിയ പ്രശ്നം, മനസ്സിലാക്കാനായി നമ്മൾ കേൾക്കുന്നില്ല എന്നതാണ്. നമ്മൾ കേൾക്കുന്നത് മറുപടി നൽകാനാണ്. എന്നാൽ ജിജ്ഞാസയോടെ കേൾക്കുമ്പോൾ, മറുപടി പറയാനുള്ള ഉദ്ദേശത്തോടെയല്ല ആ കേൾക്കൽ. വാക്കുകൾക്ക് പിന്നിലുള്ള കാര്യങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കുകയാണ്,”- റോയ് ടി ബെന്നറ്റിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു സോനം കപൂറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. “എന്നെയും റിയയേയും കേൾക്കാൻ പഠിപ്പിച്ചതിന് നന്ദി. ഇതൊരു വലിയ പാഠമാണ്,” സോനം കപൂർ കുറിച്ചു.
സോനം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘സോയ ഫാക്ടർ’ ഇപ്പോൾ തിയേറ്ററുകളിൽ വിജകരമായി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിലെ നായകൻ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘സോയ ഫാക്ടറി’ൽ അഭിനയിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.
അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.