ബോളിവുഡിലെ പ്രധാന സിനിമാ കുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ആദ്യ പെണ്‍കുട്ടിയുടെ വിവാഹമാണ് ഇന്ന് മുംബൈയില്‍ നടന്നത്. നിര്‍മ്മാതാവ് സുരീന്ദര്‍ കപൂറിന്‍റെ കൊച്ചു മകളും അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകനും നടനുമായ അനില്‍ കപൂറിന്‍റെ മൂത്ത മകള്‍ സോനം കപൂറാണ് കൂട്ടുകാരന്‍ ആനന്ദ്‌ അഹുജയെ ഇന്ന് ജീവിതത്തില്‍ കൂടെക്കൂട്ടിയത്.

സോനത്തിന്‍റെ വിവാഹതിനെത്തിയ കസിന്‍സ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇതില്‍ ആരുടെ വിവാഹമാകും ഇനിയടുത്ത് നടക്കാന്‍ സാധ്യത എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അതിന് കാരണവുമുണ്ട്. പഞ്ചാബി വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ‘കലീജ’. വധുവിന്‍റെ കൈയ്യില്‍ മാല പോലെയുള്ള അലുക്കുകള്‍ കെട്ടി (ഇതിനെയാണ് ‘കലീജ’ എന്ന് പറയുന്നത്), കുടുംബത്തിലെ അവിവാഹിതരായ മറ്റു പെണ്‍കുട്ടികളുടെ മേല്‍ അത് കിലുക്കി വീഴ്ത്താന്‍ നോക്കുക എന്നതാണ് രസകരമായ ഈ ആചാരം. കിലുക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മേല്‍ ‘കലീജ’ വീണാല്‍ അവളുടെ വിവാഹം അടുത്ത് നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് സങ്കല്പം.

അവിവാഹിതരായ അഞ്ചു പെണ്‍കുട്ടികള്‍ ഉള്ള കപൂര്‍ കുടുംബത്തിലും സോനത്തിന്‍റെ വിവാഹവേളയില്‍ ഈ ചടങ്ങ് നടന്നു. അതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘ധടക്’ എന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് കാലെടുത്തു വയ്കാന്‍ കാത്തിരിക്കുന്ന ജാന്‍വി കപൂറിന്‍റെ പുറത്ത് ‘കലീജ’ കിലുക്കാന്‍ സോനത്തിനെ വീഡിയോയില്‍ കാണാം.

‘കലീജ’യ്ക്കായി ആദ്യം വിളിക്കുമ്പോള്‍ മടി കാണിച്ച ജാന്‍വിയെ സോനം നിര്‍ബന്ധിക്കുന്നതും, ‘അവളെ നീ ഇപ്പോഴേ കല്യാണം കഴിപ്പിക്കാന്‍ നോക്കുകുയാണോ’ എന്ന് സോനത്തിനോട് ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂര്‍ ചോദിക്കുന്നതും കേള്‍ക്കാം. കസേരയില്‍ ഇരുന്നു കൈകൂപ്പി പ്രാര്‍ത്ഥിച്ച ജാന്‍വിയുടെ പുറത്ത് ‘കലീജ’ വീണില്ല. അതോടെ ജാന്‍വി ആശ്വാസത്തോടെ എഴുനേറ്റു പോയി. കുടുംബത്തിലെ എല്ലാ പെണ്‍കുട്ടികളിലും പരീക്ഷിച്ച ‘കലീജ’ സഞ്ജയ്‌ കപൂറിന്‍റെ മകള്‍ ഷനായ കപൂറിന്‍റെ പുറത്താണ് ഒടുവില്‍ വീണത്‌. കപൂര്‍ കുടുംബത്തിലെ ഏറ്റവും ഇളയ മകളാണ് ഷനായ.

സിഖ് മതാചാര പ്രകാരം നടന്ന ഒരു ‘ദി ബിഗ്‌ ഫാറ്റ് ഇന്ത്യന്‍ വെഡിംഗ്’ തന്നെയായിരുന്നു സോനത്തിന്‍റെ വിവാഹം. സോനത്തിന്‍റെ സഹോദരി നിര്‍മ്മാതാവ് റിയ കപൂറും ആദ്യ സിനിമാ പ്രവേശം കാത്തിരിക്കുന്ന അനുജന്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂറും ആദ്യാവസാനം ചടങ്ങുകളില്‍ നിറഞ്ഞു നിന്നു. ഇവരെ കൂടാതെ അനില്‍ കപൂറിന്‍റെ മൂത്ത സഹോദരന്‍ ബോണി കപൂറിന്‍റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മക്കള്‍ ജാന്‍വി, ഖുഷി, ബോണി കപൂറിന്‍റെ ആദ്യ വിവാഹത്തിലുള്ള മകന്‍ അര്‍ജ്ജുന്‍, മകള്‍ അന്‍ഷുല, അനില്‍ കപൂറിന്‍റെ അനിയന്‍ സഞ്ജയ് കപൂറിന്‍റെ മക്കള്‍ ഷനായ, ജഹാന്‍ എന്നിവരും സോനത്തിന്‍റെ വിവാഹത്തില്‍ പാപ്പരാസികള്‍ക്ക് വിരുന്നായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ