ബോളിവുഡ് സൂപ്പര്‍താരം സോനം കപൂറിന്റെ വീട്ടില്‍ കല്യാണമേളം തുടങ്ങി. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വര്‍ഷങ്ങളായുള്ള പ്രണയമാണ് സാഫല്യമടയുന്നത്. വിവാഹ തീയതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

അനില്‍ കപൂറിന്റെ മുംബൈയിലെ വസതി ദീപാലങ്കാരങ്ങളില്‍ ഒരുങ്ങിയിരിക്കുകയാണ്. ബോളിവുഡ് സെലിബ്രിറ്റികളായ കരണ്‍ ജോഹര്‍, ഫറാ ഖാന്‍ എന്നിവരും അനില്‍ കപൂറിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ കുനാല്‍ രവാല്‍, മസബാ ഗുപ്ത, സോനത്തിന്റെ കസിന്‍ മോഹിത് മാര്‍വാ, അദ്ദേഹത്തിന്റെ ഭാര്യ അന്ധരാ മോട്ടിവാലാ, അന്‍ഷുല്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, സഹോദരന്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ എന്നിവരും പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എല്ലാവരും എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അറിയും എന്നായിരുന്നു നേരത്തെ സോനം പറഞ്ഞിരുന്നത്. അതേസമയം തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകള്‍ കാണുമ്പോള്‍ ഭ്രാന്തായി പോയി എന്നു തോന്നുന്നുവെന്നും അടുത്തിടെ സോനം ട്വീറ്റ് ചെയ്തിരുന്നു.

എന്തായാലും തങ്ങളുടെ പ്രിയ താരത്തിന്റെ വിവാഹാഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആനന്ദും സോനവും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ശക്തിപ്പെട്ടത് ഈ വര്‍ഷത്തോടെയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook