‘ദി സോയാ ഫാക്ടര്‍’ എന്ന തന്‍റെ അടുത്ത ചിത്രത്തിലെ നായകനും തെന്നിന്ത്യയുടെ ‘ഹാര്‍ട്ട്‌ത്രോബു’മായ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്‌ എന്നും ‘ക്യൂട്ട്’ ആണ് എന്നും ബോളിവുഡ് താരം സോനം കപൂര്‍. സോനം അഭിനേതാവും നിര്‍മ്മാതാവുമായ ‘വീരേ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

“ഞാന്‍ ദുല്‍ഖര്‍ അഭിനിയച്ച ഓ കെ കണ്മണി എന്നാ ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. ‘റാന്‍ജ്‌ഹാനാ’യിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാ രംഗത്ത്‌ എത്തുന്നത്‌. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി എനിക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും എന്നാണു ഞാന്‍ കരുതുന്നത്.”, സോനം കപൂര്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

Dulquer Salmaan, Sonam Kapoor

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അനുജാ ചൌഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

അടുത്തിടെ വിവാഹിതയായ സോനം കപൂര്‍ താന്‍ ഇത് വരെ ‘സോയാ ഫാക്ടറി’നായുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടില്ല എന്നും ഡെക്കാന്‍ ക്രോണിക്കിള്‍ അഭിമുഖത്തില്‍ പറയുന്നു.

“ദുല്‍ഖറുമായി ചേര്‍ന്നുള്ള തയ്യാറെടുപ്പുകള്‍ ഇത് വരെ തുടങ്ങിയില്ല. ഓഗസ്റ്റ്‌ മാസമോ സെപ്റ്റംബര്‍ മാസമോ ചിത്രീകരണം തുടങ്ങും. ദുല്‍ഖറിനോപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞാന്‍.”, സോനം കൂട്ടിച്ചേര്‍ത്തു.

dulquer salmaan

ചിത്രത്തില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷം അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘കാര്‍വാ’ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ എന്ന തമിഴ് ചിത്രത്തിലാണ് ഇനി ദുല്‍ഖറിന്‍റെതായി റിലീസ് ചെയ്യാനുള്ളത്. നവാഗതനായ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ത്രില്ലറില്‍ ഋതുവര്‍മ്മയാണ് നായികയായി എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook