ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. ഗർഭകാലത്തെ അനുഭവങ്ങളും നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സോനം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനുണ്ട്.
ഗർഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള സോനത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. “ഗർഭകാലം അത്ര മനോഹരമല്ല,” എന്ന അടിക്കുറിപ്പോടെ നീര് വന്ന തടിച്ച തന്റെ കാലുകളുടെ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സോനം.

സോനത്തിന്റെ ഫൊട്ടോഷൂട്ടും അടുത്തിടെ വൈറലായിരുന്നു. നിറവയറുമായാണ് സോനം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. സഹോദരി റിയയാണ് ഫൊട്ടോഷൂട്ടിനായി സോനത്തെ സ്റ്റൈൽ ചെയ്തത്.
“നാല് കൈകൾ. ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ… രണ്ട് ഹൃദയങ്ങൾ, അത് നിന്റെ ഓരോ ചുവടിലും നിനക്കായി ഒന്നിച്ച് മിടിക്കും… ഒരു കുടുംബം, നിനക്കായി സ്നേഹവും പിന്തുണയും നൽകാൻ. നിന്നെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുന്നു,” എന്ന കുറിപ്പോടെയാണ് അമ്മയാവാൻ പോവുന്ന സന്തോഷം സോനം പങ്കുവച്ചത്.
“ഇത് കഠിനമായിരുന്നു. ഇതെത്ര ബുദ്ധിമുട്ടാണെന്ന് ആരും നിങ്ങളോട് പറയുന്നില്ല. ഇത് എത്ര അത്ഭുതകരമാണെന്ന് എല്ലാവരും നിങ്ങളോട് പറയുന്നു,” തന്റെ ഗർഭകാലത്തെക്കുറിച്ച് സോനം വോഗിനോട് പറഞ്ഞതിങ്ങനെ. “നമ്മളെല്ലാവരും ഇവിടെയുള്ളതിന്റെ കാരണം സ്വയം മാറാനും നമ്മുടെ മികച്ച പതിപ്പുകളാകാനുമാണ്. അതിനാൽ ആ പരിണാമം ഞാൻ പ്രതീക്ഷിക്കുന്ന ഒന്നാണ്,” സോനം കൂട്ടിച്ചേർത്തു.
സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച ‘ബ്ലൈൻഡ്’ എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.