ബോളിവുഡ് താരം സോനം കപൂറും ആനന്ദ് അഹൂജയുമായുള്ള വിവാഹവാര്‍ത്തകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയമാകുമ്പോള്‍ പ്രതികരണമായി സോനം കപൂര്‍ തന്നെ രംഗത്ത്. നടിമാരോടു മാത്രം എന്തുകൊണ്ടാണ് വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്നത് എന്നാണ് സോനം കപൂറിന്റെ സംശയം.

കൊല്‍ക്കത്തയിലെ ആഭരണശാലയില്‍ വിവാഹാഭരണങ്ങള്‍ വാങ്ങാന്‍ സോനം എത്തി എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഇതിനോടുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘എന്തുകൊണ്ടാണ് നടിമാരോട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ ചോദിക്കുന്നത്? രണ്‍ബീര്‍ കപൂറിനോടോ രണ്‍വീര്‍ സിങ്ങിനോടോ ആരെങ്കിലും ചോദിക്കുന്നുണ്ടോ അവര്‍ എന്നാണ് വിവാഹിതരാകുന്നതെന്ന്?’ സോനം കപൂര്‍ ചോദിച്ചു.

തന്റെ വ്യക്തിജീവിതത്തിലേക്ക് ഇടിച്ചുകയറാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും, ജീവിതത്തിലെ ചില കാര്യങ്ങള്‍ക്ക് അതിന്റേതായ പവിത്രത വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും സോനം തുറന്നടിച്ചു. തന്റെ കാര്യങ്ങള്‍ തുറന്നുപറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും, എന്നാല്‍ ഈ വിഷയത്തില്‍ മറ്റൊരു വ്യക്തികൂടി ഉള്‍പ്പെട്ടതിനാലാണ് ഒന്നും പറയാത്തതെന്നും താരം വ്യക്തമാക്കി.

സോനം കപൂറും ആനന്ദ് അഹൂജയും തങ്ങളുടെ ജീവിതത്തിലെ പ്രത്യക ദിനങ്ങളിലേയും പിറന്നാള്‍ ആഘോഷങ്ങളുടേയുമെല്ലാം ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ