ഒരാഴ്ച മുമ്പ് മെയ് എട്ടിനായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരം സോനം കപൂറും സുഹൃത്ത് ആനന്ദ് അഹൂജയും വിവാഹിതരായത്. എന്നാല്‍ ഇരുവരുടേയും വിവാഹ ശേഷം വിവാദങ്ങൾ ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കഴിഞ്ഞദിവസം ഒരുകൂട്ടം ആളുകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

വിവാഹത്തിനു ശേഷം സോനം തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരും സ്വീകരിച്ചു എന്നതാണ് പുതിയ വിവാദം. ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ പേര് സോനം കെ അഹൂജ എന്നാണ്. താനൊരു ഫെമിനിസ്റ്റാണ് എന്ന് അവകാശപ്പെടുന്ന സോനം കല്യാണം കഴിഞ്ഞതിന് തൊട്ടുപിന്നാലെ പേരു മാറ്റിയത് പലരേയും അക്ഷരാര്‍ത്ഥത്തില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സോനം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Sonam

‘ഞാന്‍ എപ്പോഴും പറയാറുണ്ട് ഒരു ഫെമിനിസ്റ്റ് ആണെന്ന്. സ്വന്തം ഇഷ്ടപ്രകാരം പേരു മാറ്റാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. കപൂര്‍ എന്നത് എന്റെ അച്ഛന്റെ പേരാണ്. അതും ഒരു പുരുഷന്റെ പേരാണ്. രണ്ടു പേരുകളും എന്റെ പേരിനൊപ്പം ചേര്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ആനന്ദും തന്റെ പേര് മാറ്റിയിട്ടുണ്ട്. അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല. പേര് സോഷ്യല്‍ മീഡിയയിലും മാറ്റാന്‍ ഞാന്‍ തീരുമാനിച്ചതിന്റെ കാര്യം, എന്റെ തീരുമാനങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും തുറന്നു സംവദിക്കാനുള്ള ഇടമാണ് അത് എന്ന് കരുതുന്നതുകൊണ്ടാണ്. അതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ആരും എന്റെ തലയില്‍ തോക്ക് വച്ച് ചെയ്യിപ്പിച്ചതല്ല. നിങ്ങള്‍ക്ക് ആനന്ദിനോട് ചോദിക്കാം. അദ്ദേഹവും പേര് മാറ്റിയിട്ടുണ്ട്,’ സോനം വ്യക്തമാക്കി.

Anand

ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍ എങ്ങെയാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ, മറ്റൊരു സ്ത്രീയുടെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടത് എന്നും സോനം വിശദമാക്കി.

‘ഞാനൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റാണ്. ഞാന്‍ എന്റെ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുന്നു. എന്റെ ഭര്‍ത്താവോ അദ്ദേഹത്തിന്റെ കുടുംബമോ പേര് മാറ്റാൻ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അത് എന്റെ മാത്രം തീരുമാനമാണ്. ഞാന്‍ ആനന്ദിനോടും ആവശ്യപ്പെട്ടില്ല പേരുമാറ്റാന്‍. അത് അദ്ദേഹത്തിന്റേയും തീരുമാനമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും തുല്യ അവസരമൊരുക്കുക എന്നതാണ് ഫെമിനിസം. എന്റെ പേര് മാറ്റണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ താൽപര്യമാണ്,’ സോനം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ