സോനം കപൂറും ആനന്ദ് അഹൂജയും ഇന്ന് വിവാഹിതരാകും. മുംബൈയിലാണ് ചടങ്ങുകൾ. കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയിലെ അനിൽ കപൂറിന്റെ ജുഹു ബംഗ്ലാവ് ആഘോഷത്തിമിർപ്പിലാണ്. ആഘോഷരാവിൽ ഒത്തുകൂടാൻ കപൂർ കുടുംബാംഗങ്ങൾ എല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. കപൂർ സഹോദരിമാരായ ജാൻവി, ഖുഷി, അൻഷുല, ഷനയ, റിയ, കപൂർ സഹോദരന്മാരായ ഹർഷവർധൻ, അർജുൻ, ജഹാൻ, മോഹിത് മർവാഹ്, അക്ഷയ് മർവാഹ് എല്ലാവരും തന്നെ എത്തിയിരുന്നു.
ഇന്നലെ നടന്ന ആഘോഷങ്ങളിൽ സന്ദീപ് ഖോസ്ല, അബു ജാനി എന്നിവർ ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു സോനം ധരിച്ചത്. വെളള നിറത്തിലുളള ലെഹങ്കയ്ക്ക് അനുയോജ്യമായ ആഭരണങ്ങൾ അണിഞ്ഞെത്തിയ സോനത്തെ കണ്ടാൽ രാജകുമാരിയെപ്പോലെ തോന്നും.
ആഘോഷരാവിൽ പങ്കെടുക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും വസതിയിലേക്ക് എത്തി. കത്രീന കെയ്ഫ്, ജാക്വിലിൻ ഫെർമാണ്ടസ്, രേഖ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. ആഘോഷരാവിൽ ആടിയും പാടിയുമാണ് കപൂർ കുടുംബങ്ങൾ സന്തോഷം പങ്കിട്ടത്.
മെയ് 8 നാണ് സോനം കപൂറിന്റെയും ബിസിനസുകാരനായ ആനന്ദ് അഹൂജയുടെയും വിവാഹം. മുംബൈയിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് സോനവും ആനന്ദും വിവാഹിതരാകുന്നത്.