ബോളിവുഡ് താരങ്ങളായ സോനം കപൂറും സ്വര ഭാസ്കറും അടുത്ത സുഹൃത്തുക്കളാണ്. രഞ്ജനാ, പ്രേം രത്തന്‍ ധന് പായോ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലെ സൗഹൃദം ആരംഭിക്കുന്നതും അങ്ങനെയാണ്. വീരേ ദി വെഡ്ഡിങ് ആണ് സോനവും സ്വരയും ഒരുമിച്ചെത്തുന്ന അടുത്ത ചിത്രം. നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരെ കൂടാതെ കരീന കപൂര്‍, ശിഖ തല്‍സാനിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്.
മെയ് എട്ടിനായിരുന്നു സോനം കപൂര്‍ തന്റെ ദീര്‍ഘകാല സുഹൃത്ത് ആനന്ദ് അഹൂജയെ വിവാഹം ചെയ്യുന്നത്. എട്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. വിവാഹത്തിന് തുടക്കം മുതല്‍ എല്ലാ ചടങ്ങുകളിലും സ്വരയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അടുത്തിടെ റേഡിയോ സിറ്റിക്കു നല്കിയ അഭിമുഖത്തില്‍ സ്വര ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. സോനത്തിന്റെ വിവാഹ തീയതി മാറ്റിവയ്ക്കാന്‍ ഇരുവരും അനില്‍ കപൂറിനെ പറഞ്ഞു സമ്മതിപ്പിച്ചതിനെ കുറിച്ചായിരുന്നു അത്.
സോനത്തിന്റെ വിവാഹം മാര്‍ച്ച് 12ന് നടത്താനായിരുന്നു മാതാപിതാക്കളായ അനില്‍ കപൂറും സുനിതയും ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസമായിരുന്നു സ്വരയുടെ സഹോദരന് ഇഷാന്റെ വിവാഹവും.
‘വീരേ ദി വെഡ്ഡിങ്ങിന്റെ സെറ്റില്‍ വളരെ വിഷമത്തോടെയാണ് സോനം എത്തിയത്. എന്താണ് സോനത്തിന്റെ വിഷമത്തിനു കാരണം എന്നെനിക്കു മനസിലായി. ഇഷാന്റെ വിവാഹ തീയതി മാറ്റാന്‍ എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാമോ എന്നു പോലും സോനം എന്നോട് ചോദിച്ചു.’ ഒടുവില്‍ സോനം തന്നെ തന്റെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് വിവാഹം മെയ് എട്ടിലേക്കു മാറ്റുകയായിരുന്നു.