ബോളിവുഡ് താരം സോനം കപൂറിന്റെ മുപ്പത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മകൾക്ക് ആശംസകൾ നേരുകയാണ് നടനും സോനത്തിന്റെ അച്ഛനുമായ അനിൽ കപൂർ. “മറ്റാരെയും പോലെയല്ലാത്ത മകൾക്ക്, ആനന്ദിന്റെ അനുയോജ്യയായ പങ്കാളിയ്ക്ക്, സ്ക്രീനിലെ താരത്തിന്, മറ്റാർക്കും അനുകരിക്കാനാവാത്ത സ്റ്റൈൽ ഐക്കണിന്… അവളെന്റെ വിശ്വസ്തയാണ്, എന്റെ സന്തോഷം, അഭിമാനം, എനിക്കറിയാവുന്ന ഏറ്റവും ഉദാരമനസ്കയായവൾ (ഞാൻ ഭയപ്പെടുന്ന ഒരേയൊരു വ്യക്തി), ഇപ്പോൾ നല്ലൊരു ഷെഫ് കൂടിയായവൾ. ജന്മദിനാശംസകൾ സോനം,” അനിൽ കപൂർ കുറിക്കുന്നു. മകൾക്ക് ഒപ്പമുള്ള ഏറെ ചിത്രങ്ങളും അനിൽ കപൂർ പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തിൽ ഏറ്റവും മഹത്തരമായൊരു പാഠം തന്നെ പഠിപ്പിച്ചത് അച്ഛൻ അനിൽ കപൂറാണെന്ന് ഒരവസരത്തിൽ സോനം പറഞ്ഞിട്ടുമ്ട്. കേൾക്കുക എന്ന പ്രവർത്തിയുടെ പ്രാധാന്യത്തെ കുറിച്ച് തന്നെയും സഹോദരിയേയും പഠിപ്പിച്ചത് അച്ഛനാണെന്നും സോനം പറയുന്നു; “ജിജ്ഞാസയോടെ കേൾക്കുക. സത്യസന്ധമായി സംസാരിക്കുക. ആർജ്ജവത്തോടെ പ്രവർത്തിക്കുക. ആശയവിനിമയത്തിലെ ഏറ്റവും വലിയ പ്രശ്നം, മനസ്സിലാക്കാനായി നമ്മൾ കേൾക്കുന്നില്ല എന്നതാണ്. നമ്മൾ കേൾക്കുന്നത് മറുപടി നൽകാനാണ്. എന്നാൽ ജിജ്ഞാസയോടെ കേൾക്കുമ്പോൾ, മറുപടി പറയാനുള്ള ഉദ്ദേശത്തോടെയല്ല ആ കേൾക്കൽ. വാക്കുകൾക്ക് പിന്നിലുള്ള കാര്യങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കുകയാണ്,”- റോയ് ടി ബെന്നറ്റിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു സോനം കപൂറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. “എന്നെയും റിയയേയും കേൾക്കാൻ പഠിപ്പിച്ചതിന് നന്ദി. ഇതൊരു വലിയ പാഠമാണ്.”
അനിൽ കപൂറിന്റെയും സുനിതയുടെയും രണ്ടു പെൺമക്കളിൽ മൂത്തയാളാണ് സോനം. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് സോനം സിനിമാരംഗത്തേക്ക് എത്തുന്നത്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലായിരുന്നു സോനം സംവിധാന സഹായിയായി പ്രവർത്തിച്ചത്. പിന്നീട് ബൻസാലിയുടെ തന്നെ ‘സാവരിയ’ എന്ന ചിത്രത്തിൽ നായികയായി അഭിനയത്തിലും സോനം അരങ്ങേറ്റം കുറിച്ചു.
Read Also: സോനം കപൂറിന്റെ വസ്ത്രത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം
വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ ഭർത്താവ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 മേയ് എട്ടിനായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. ബോളിവുഡിന്റെ കൂൾ കപ്പിൾ എന്നാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്. ബോളിവുഡിന്റെ ആഢംബര സദസ്സുകളിൽ പൊതുവെ ഈ ദമ്പതികളെ കാണാറില്ല. വിവാഹത്തിനു ശേഷവും സിനിമകളിൽ സജീവമാണ് സോനം.
‘ദ സോയ ഫാക്ടർ’ ആണ് സോനത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ അഭിനയിച്ച ചിത്രത്തിൽ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിച്ചത്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.