സോനം കപൂറും ആനന്ദ് അഹൂജയും തമ്മിലുളള വിവാഹത്തെ കുറിച്ചുളള ഊഹാപോഹങ്ങളാണ് ദിവസങ്ങളായി ബോളിവുഡ് ആരാധകര്‍ കേട്ട് കൊണ്ടിരിക്കുന്നത്. സോനം കപൂറിന്റെ വീരെ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഇരുവരും ലണ്ടനില്‍ വച്ച് വിവാഹിതരാകും എന്നായിരുന്നു പുതിയ പ്രചരണം. എന്നാല്‍ വിവാഹം ജനീവയില്‍ വെച്ച് നടക്കുമെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെയ് 11നും 12നുമായി നടക്കുന്ന ചടങ്ങില്‍ ഹിന്ദു ആചാരപ്രകാരം ആയിരിക്കും ഇരുവരും വിവാഹിതരാവുക എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് മാസം പോലും ബാക്കിയില്ലാത്ത ചടങ്ങിനായി ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇപ്പോള്‍ തന്നെ വിമാനയാത്ര ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സോനത്തിന്റെ പിതാവായ അനില്‍ കപൂര്‍ അതിഥികളെ ചടങ്ങിലേക്കായി ക്ഷണിക്കുകയാണെന്നും വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹനിശ്ചയത്തിന് തൊട്ടു പിന്നാലെയാണ് വിവാഹം നടക്കുക.

നേരത്തേ ജോധ്പൂരിലോ ഉദയ്പൂരിലോ വെച്ച് വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്താണ് ജനീവയില്‍ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തിയത്. സോനം കപൂറും സഹോദരിയായ റെയ കപൂറും നേരത്തെ ഇവിടെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹവേദി ഇവിടെ ഒരുക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് വിവരം. 2016ല്‍ അക്ഷയ് കുമാര്‍ ചിത്രമായ റസ്റ്റത്തിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് താരങ്ങള്‍ തമ്മിലുളള പ്രണയത്തെ കുറിച്ചുളള പ്രചരണം സജീവമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ