രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ബോളിവുഡ് താരം സോനം കപൂര്‍ തന്‍റെ കൂട്ടുകാരനായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്. ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം അണിനിരന്ന വിവാഹ ചടങ്ങുകളും സത്കാരവുമാണ് സോനത്തിന്‍റെ ‘പഞ്ചാബി വെഡ്ഡിങ്ങു’മായി ബന്ധപ്പെട്ടു മൂന്ന് ദിവസം മുംബൈയില്‍ നടന്നത്. ആര്‍ഭാടമായി നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു സോഷ്യല്‍ മീഡിയ ആ ദിവസങ്ങളില്‍ എല്ലാം ആഘോഷിച്ചതും.
ചടങ്ങുകളുടെ തിരക്കൊഴിഞ്ഞപ്പോള്‍ വധു വരന്മാര്‍ തന്നെ തങ്ങളുടെ ജീവിതത്തിലെ ഈ സന്തോഷ മുഹൂര്‍ത്തം അവിസ്മരണീയമാക്കി തന്നതിന് നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തി. സോനം കപൂര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കും തന്‍റെ ഡിസൈനര്‍മാര്‍ക്കും., വെഡ്ഡിങ് പ്ലാനര്‍മാര്‍ക്കും എല്ലാം നന്ദി രേഖപ്പെടുത്തി.
സിഖ് ആചാര പ്രകാരമായിരുന്നു വിവാഹം. വൈകിട്ട് മുംബൈയിലെ ലീലാ ഹോട്ടലില്‍ ബോളിവുഡ് താരങ്ങള്‍ക്കായി കപൂര്‍ കുടുംബവും അഹൂജ കുടുംബവും ചേര്‍ന്ന് വിവാഹ സത്കാരം ഒരുക്കിയിരുന്നു. ‘ആനന്ദിന്‍റെയും സോനത്തിന്‍റെയും വിവാഹം ആഘോഷിക്കാന്‍ സംഗീതവും നൃത്തവുമായി ഞങ്ങള്‍ക്കൊപ്പം ചേരൂ. ഈ ദിനത്തില്‍ നിങ്ങളുടെ സാന്നിദ്ധ്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സമ്മാനം,’ എന്നതായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍. ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങളായിരുന്നു റിസപ്ഷന്‍റെ ഡ്രസ് കോഡ്.
സോനം കപൂറിന്‍റെ വിവാഹ സത്കാര ചിത്രങ്ങള്‍ കാണാം
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിലും തുടര്‍ന്നുള്ള സത്കാരത്തിലും ബോളിവുഡ് താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കജോള്‍, റാണി മുഖര്‍ജി, ജൂഹി ചൗള, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കത്രീന കെയ്ഫ്, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വരുണ്‍ ധവാന്‍, രണ്‍വീര്‍ സിങ്, മനീഷ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ വിവാഹ സത്കാരത്തിൽ പങ്കെടുത്തു.