കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ കാന്‍സര്‍ രോഗത്തിനായുള്ള ചികിത്സയിലാണ് ബോളിവുഡ് താരം സൊനാലി ബെന്ദ്രേ. അപ്രതീക്ഷിതമായാണ് 43 വയസ്സുകാരിയായ സൊനാലിയ്ക്ക് കാന്‍സര്‍ രോഗമുണ്ടെന്ന് കണ്ടെത്തുന്നത്. അപ്പോള്‍ മുതല്‍ താന്‍ കടന്നു പോകുന്ന കഠിന വഴികളും അതിന്റെ വൈഷമ്യങ്ങളെ താന്‍ എങ്ങനെ മറി കടക്കുന്നു എന്നും സൊനാലി തന്റെ കൂട്ടുകാരേയും ആരാധകരേയും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. ഇന്ന് പതിമൂന്നു വയസ്സ് തികയുന്ന മകന്‍ രണ്‍വീറിനെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആശംസിക്കുകയാണ് സൊനാലി ബെന്ദ്രേ.

“രണ്‍വീര്‍, എന്റെ സൂര്യന്‍, ചന്ദ്രന്‍, താരങ്ങള്‍, ആകാശം… ഞാന്‍ അല്പം മെലോഡ്രമാറ്റിക് ആവുകയാണ്. നിന്റെ പതിമൂന്നാം പിറന്നാള്‍ ഇത് അര്‍ഹിക്കുന്നുണ്ട്. നീ ഇപ്പോള്‍ ഒരു ടീനേജറാണ്. ആ അറിവ് എന്റെ തലയിലേക്ക് ഇറങ്ങാന്‍ കുറച്ചു സമയം വേണ്ടി വരും. ഞാന്‍ നിന്നില്‍ എത്ര അഭിമാനിക്കുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. നിന്റെ ബുദ്ധി, ഫലിതങ്ങള്‍, ശക്തി, കരുണ… എന്തിന് നിന്റെ കുസൃതി പോലും. കുട്ടിയല്ലാത്ത എന്റെ മകന് ജന്മദിനാശംസകള്‍. നമ്മള്‍ ഒരുമിച്ചല്ലാത്ത ആദ്യ പിറന്നാള്‍. ഞാന്‍ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഒരു പാട് സ്നേഹം, എല്ലായ്പ്പോഴും”, എന്നാണ് സൊനാലി കുറിച്ചത്.

സൊനാലി ബെന്ദ്രയ്ക്ക് അര്‍ബുദമാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ ലോകം കേട്ടത്. സൊനാലി തന്നെയാണ് തന്റെ അസുഖ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലിരിക്കുന്ന തനിക്ക് സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് സൊനാലി പറഞ്ഞിരുന്നു. തന്റെ പന്ത്രണ്ടു വയസുകാരനായ മകനോട് രോഗ വിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു സൊനാലി. പന്ത്രണ്ടു വയസ്സുകാരനായ മകന്‍ തന്റെ അസുഖ വിവരം അറിഞ്ഞതില്‍ പിന്നെ മുതിര്‍ന്ന ഒരാളെപ്പോലെ തന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നു എന്നാണ് സൊനാലി കുറിച്ചത്.

Read More: സൊനാലി ബെന്ദ്രേയ്‌ക്ക് ഹൃദയത്തില്‍ തൊടുന്ന മറുപടിയുമായി ഹൃതിക് റോഷന്‍

കാന്‍സര്‍ ചികിത്സയുടെ ഭാഗായി നഷ്ടപ്പെട്ട മുടിയെക്കുറിച്ചും, സുഹൃത്തുക്കള്‍ തനിക്കു പകര്‍ന്നു തരുന്ന ശക്തിയെക്കുറിച്ചുമെല്ലാം സൊനാലി മറ്റൊരവസരത്തില്‍ വെളിപ്പെടുത്തി.

“ഇത് ഞാനാണ്, ഈ നിമിഷം  ഞാന്‍ അതീവ സന്തോഷവതിയുമണ്. ഞാനത് പറയുമ്പോള്‍ ആളുകള്‍ എന്നെ വിചിത്രമായി നോക്കും, പക്ഷേ എന്റെ സന്തോഷം സത്യമാണ്. എന്ത് കൊണ്ടാണ് എന്നും ഞാന്‍ പറയാം. ഇപ്പോള്‍  ഞാന്‍ കഴിഞ്ഞു പോകുന്ന ഒരു നിമിഷത്തേയും ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. സന്തോഷം കണ്ടെത്താന്‍ പറ്റുന്ന ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍. ശരിയാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടേയും തളര്‍ച്ചയുടേയും നിമിഷങ്ങളുണ്ട്. പക്ഷേ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഞാന്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവിടാനും സ്നേഹിക്കപ്പെടുന്നത് അനുഭവിക്കാനും അതില്‍ സന്തോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

Happy Friendship Day 2018: Sonali Bendre Gayatri Oberoi Susanne Khan, Picture by Hrithik Roshan

സൊനാലി ബെന്ദ്രേ, ഗായത്രി ഒബ്രോയ്, സുസെന്‍ ഖാന്‍

നിമിഷങ്ങളുടെ നോട്ടീസില്‍ എന്റെ അടുത്തേക്ക് പറന്നു വന്ന എന്നെ സഹായിക്കാന്‍ സന്നദ്ധത കാട്ടിയ, ശക്തിസ്തൂപങ്ങളായ എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി. തിരക്കുള്ള ജീവിതത്തിനിടയില്‍ എന്നെ വന്നു കാണാനും വിളിക്കാനും, മെസ്സേജ് അയക്കാനും ഫേസ്ടൈം ചെയ്യാനുമെല്ലാം അവര്‍ സമയം കണ്ടെത്തുന്നു. ഒറ്റയ്ക്കായി എന്ന് ഒരു നിമിഷം പോലും എനിക്ക് അനുഭവപ്പെടാത്ത രീതിയില്‍ എന്റെ കൂടെ നില്‍ക്കുന്നു. സത്യമുള്ള സൗഹൃദം എന്തെന്ന് കാട്ടിത്തന്നതിന് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ്‌ ഡേ, ലേഡീസ്! എന്റെ ജീവിതത്തില്‍ നിങ്ങള്‍ ഉള്ളത് ഒരനുഗ്രഹമായി കരുതുന്നു. ഈ ചിത്രത്തില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും (അതാരാണ് എന്ന് നിങ്ങള്‍ക്കറിയാം) നന്ദി.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കുന്നില്ല കാരണം മുടി കെട്ടുക എന്ന കടമ്പ ഇല്ല ഇപ്പോള്‍. ബാല്‍ഡ്‌ ഈസ്‌ ബ്യൂട്ടിഫുള്‍”, എന്നാണ് സൊനാലി ബെന്ദ്രേ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞത്.

Read in English: Sonali Bendre wishes son Ranveer on his birthday in an emotional post

‘ഹം സാത്ത് സാത്ത് ഹേ’, കല്‍ ഹോ നാ ഹോ, ‘സര്‍ഫരോഷ്’ തുടങ്ങി മുപ്പതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൊനാലി ‘കാതലര്‍ ദിനം’, ‘കണ്ണോട് കാൺപതെല്ലാം’ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ ഗോള്‍ഡി ബേല്‍ ആണ് ഭര്‍ത്താവ്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ