അധോലോക വൃത്തങ്ങളിൽ നിന്നുള്ള ഭീഷണിയും ഭയപ്പെടുത്തലും 1990-കളിലെ ബോളിവുഡ് താരങ്ങൾക്ക് സാധാരണമായിരുന്നു. സിനിമാ വ്യവസായത്തിലേക്ക് അധോലോകം കടന്നു കയറുകയും നിരവധി ഫിലിം ഫിനാൻഷ്യർമാരെയും നിർമ്മാതാക്കളെയും ഭീഷണിപ്പെടുത്തി ‘റാൻസം’ കൈപ്പറ്റുകയും ചെയ്ത കഥകൾ പ്രസിദ്ധമാണ്.
അധോലോകവുമായി ബന്ധപ്പെട്ടു താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചു പറയുകയാണ് നടി സൊനാലി ബെന്ദ്രേ. അധോലോകത്തു നിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നും അത്തരം നിർമ്മാതാക്കളിൽ നിന്നും പ്രൊജക്റ്റ്കളിൽ നിന്നും താൻ മാറി നിൽക്കാൻ ശ്രമിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി. തീരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ;എനിക്ക് സൗത്തിൽ പണിയുണ്ട്’ എന്ന് കള്ളം പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ഒരു സംഘടിത വ്യവസായമായിരുന്നില്ല എന്നത് കൊണ്ട് തന്നെ, സിനിമയെ ടാർഗറ്റ് ചെയ്യാൻ എളുപ്പമായിരുന്നു എന്നും സൊനാലി അഭിപ്രായപ്പെട്ടു. അടുത്തിടെ രൺവീർ ഷോ പോഡ്‌കാസ്റ്റിൽ പങ്കെടുത്ത സൊനാലി, സിനിമാ സംവിധായകർ അധോലോകത്തിന്റെ സമ്മർദ്ദത്തിലായതിനാൽ തനിക്ക് പല വേഷങ്ങളും നിഷേധിക്കപ്പെട്ടതായി വെളിപ്പെടുത്തി.
അധോലോകം ഫണ്ട് ചെയ്യുന്ന ഒരു കൂട്ടം നിർമ്മാതാക്കൾ ഉണ്ടായിരുന്നതായും അവരിൽ നിന്നും താൻ അകന്നു നിൽക്കാൻ ശ്രമിച്ചിരുന്നതായും അവർ പറഞ്ഞു. അങ്ങനെയുള്ള പ്രശ്നങ്ങൾ തിരിച്ചറിയാൻ തന്നെ സഹായിച്ചിരുന്നത് അന്നത്തെ ബോയ്‌ഫ്രണ്ടും ഇന്നത്തെ ഭർത്താവുമായ ഗോൾഡി ബെയ്ൽ ആയിരുന്നു എന്നും അവർ ഓർത്തു. ഗോൾഡിയുടെ അച്ഛനും നിർമ്മാതാവായിരുന്നതിനാൽ അമ്മയ്ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. അവരാണ് തന്നെ സഹായിച്ചത്.
ധാരാളം റോളുകൾ തനിക്ക് നഷ്ടപെട്ടിരുന്നതായും അവർ പറഞ്ഞു. ഒരു സിനിമയ്ക്ക് കരാർ ആയതിൽ പിന്നെ മാറ്റുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. സംവിധായകരെ അധോലോകവുമായി ബന്ധപ്പെട്ടവർ വിളിക്കുകയും മറ്റേതെങ്കിലും നടിമാർക്ക് റോൾ കൊടുക്കുകയും ചെയ്യുന്ന സ്‌ഥിയായിരുന്നു. ഇതേ കുറിച്ച് പറയുമ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്, ക്ഷമിക്കണം എന്ന് സംവിധായകർ പറഞ്ഞിരുന്നതായും അവർ ഓർക്കുന്നു.
കാൻസർ ബാധിച്ചതിനെ തുടർന്ന് സിനിമയിൽ നിന്നും നീണ്ട അവധിയെടുത്ത സോണാലി ഇപ്പോൾ സീ ടി വിയിലെ ‘ദി ബ്രോക്കൺ ന്യൂസ്’ എന്ന ഷോയിലൂടെ മടങ്ങി എത്തുകയാണ്. തമിഴിൽ മണിരത്നം സംവിധാനം ചെയ്ത ‘ബോംബെ,’ ‘കാതലർ ദിനം,’ ‘കണ്ണോട് കാൺപതെല്ലാം’ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Read Here: കാൻസർ ചികിത്സയ്ക്ക് ഇടവേള; പ്രിയപ്പെട്ടവരെ കാണാൻ സൊനാലി മുംബൈയിലെത്തി