അർബുദവുമായുള്ള പോരാട്ടത്തിലാണ് ബോളിവുഡ് നടി സോനാലി ബിന്ദ്രെ. ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ കഴിയുന്ന സൊനാലിയുടെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും കൗതുകത്തോടെയാണ് സമൂഹ മാധ്യമങ്ങൾ നോക്കി കാണുന്നത്. അർബുദം അതിജീവനത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന സൊനാലിയുടെ നിലപാടുകളും ചിന്തകളും ഏറെ പേർക്ക് പ്രചോദനമാകുന്നുവെന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്.

കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളിലൂടെയും വേദനകളിലൂടെയും ഇപ്പോൾ കടന്നു പോവുന്ന സൊനാലിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

“എനിക്കറിയാം, ഭയങ്ങൾ എന്നെ കീഴ്പ്പെടുത്തി തുടങ്ങിയാൽ എന്റെ യാത്ര ദുഃഖത്തിലാവും ചെന്നവസാനിക്കുക. ഭയം ഒരു പരിധിവരെ, ‘നമ്മൾ നമ്മളോട് തന്നെ പറയേണ്ട ഒരു കഥ’യുമായാണ് പിറക്കുന്നത്. അതുകൊണ്ട് ഞാനെന്നോട് പറയാനായി വ്യത്യസ്തമായൊരു കഥ തിരഞ്ഞെടുത്തു. ഞാൻ സുരക്ഷിതയാണെന്ന് ഞാനെന്നോട് പറഞ്ഞു, ഞാൻ കരുത്തയാണെന്നും ധീരയാണെന്നും ഒന്നിനും എന്നെ തോൽപ്പിക്കാനാവില്ലെന്നും.

കഴിഞ്ഞ മാസങ്ങളിൽ നല്ലതും ചീത്തയുമായ ദിവസങ്ങൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഞാൻ പൂർണമായും അസ്വസ്ഥയായ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു വിരൽ ഉയർത്തുന്നതുപോലും വേദനാജനകമായ അവസ്ഥകൾ. വേദന ഒരു ചങ്ങല പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരിക വേദനയിൽ നിന്നു തുടങ്ങി മാനസികവും വൈകാരികവുമായ വേദനകളിൽ അവസാനിക്കുന്ന ഒരു ചങ്ങല. നിരവധി പോസ്റ്റ് കീമോ സെക്ഷനുകൾ, പോസ്റ്റ് സർജറി സമയങ്ങൾ. ചിരിക്കുമ്പോൾ പോലും വേദന തോന്നിയ നിമിഷങ്ങൾ. ഓരോ മിനിറ്റും പോരാട്ടമായ അനുഭവങ്ങൾ.

ഓരോ വ്യക്തിയും അവരുടെ വികാരങ്ങളെ അംഗീകരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ചീത്ത സമയങ്ങളുമുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കാൻ നമ്മൾ സ്വയം നിർബന്ധിക്കുന്നതിൽ കാര്യമില്ല. ആർക്കു വേണ്ടിയിട്ടാണ് നമ്മൾ ഫേക്കായിരിക്കുന്നത്, അഭിനയിക്കുന്നത്? ഞാൻ എന്നെ കരയാൻ അനുവദിച്ചു. വേദനകൾ അനുഭവിക്കാൻ അനുവദിച്ചു. എന്നോട് തന്നെ ദയ കാണിച്ചു. എന്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത് എന്ന് മനസ്സിലാക്കുന്നതാണ് ആ അവസ്ഥയെ അംഗീകരിക്കാനുള്ള നല്ല വഴി. ഇമോഷൻസ് തെറ്റല്ല, നെഗറ്റീവ് വികാരങ്ങളൊന്നും തെറ്റല്ല. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോൾ നമ്മൾ അത് നെഗറ്റീവ് ആണെന്ന് മനസ്സിലാക്കണം, തിരിച്ചറിയണം. ജീവിതത്തെ കീഴ്‌പ്പെടുത്താൻ ആ വികാരങ്ങളെ അനുവദിക്കരുത്,” സൊനാലി കുറിക്കുന്നു.

നമ്മൾ നമ്മുടെ കാര്യത്തിൽ തന്നെ നല്ല ശ്രദ്ധ നൽകിയാൽ മാത്രമേ ആ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ സാധിക്കൂ എന്നും സൊനാലി പറയുന്നു. “ഉറക്കം, ഇഷ്ടഭക്ഷണം, മകനുമായുള്ള സംസാരം,” എന്നിവയൊക്കെ തന്നെ ആ പുറത്തു കടക്കലിനു സഹായിച്ചു എന്നാണ് സൊനാലി പറയുന്നത്. “ചികിത്സ പൂർത്തിയാക്കി മടങ്ങുമ്പോൾ നല്ല രീതിയിൽ ഇരിക്കണം എന്നു ഞാനാശിക്കുന്നു. ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണ്,” സൊനാലി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook